കലാഭവന്‍ ഹനീഫ് അന്തരിച്ചു; വിടവാങ്ങിയത് അഭിനയ രംഗത്തെ സജീവ സാന്നിധ്യം

Share

കൊച്ചി: പ്രശസ്ത നാടക-സിനിമ-സീരിയല്‍ നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 63 വയസായിരുന്നു. ശ്വാസസംബന്ധമായ അസുഖത്തെ തുടന്ന്  ചികില്‍സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മട്ടാഞ്ചേരി സ്വദേശികളായ ഹംസയുടെയും സുബൈദയുടെയും മകനായ ഹനീഫ് ആദ്യകാലങ്ങളില്‍ മിമിക്രി വേദികളിൽ സജീവമാകുകയും തുടർന്ന് പ്രാെഫണല്‍ നാടകങ്ങളിലൂടെ  കലാജീവിതത്തില്‍ സജീവമാകുകയും ചെയ്തു. നാടകവേദിയിലൂടെ പിന്നീട് കൊച്ചിന്‍ കലാഭവനില്‍ എത്തുകയും ട്രൂപ്പിലെ പ്രധാന മിമിക്രി കലാകാരനായി മാറുകയും ചെയ്തു. സ്‌കൂള്‍ പഠനകാലത്ത് തന്നെ മിമിക്രി വേദികളില്‍ സജീവമായിരുന്നു.

പ്രീ-ഡിഗ്രി പഠനത്തിനുശേഷം കുറച്ചുനാള്‍ പോസ്റ്റ് ഓഫിസ് താല്‍ക്കാലിക ജീവനക്കാരനായും പിന്നീട് ഒരു ഹാര്‍ഡ് വെയര്‍ കമ്പനിയുടെ സെയില്‍സ് റെപ്രസന്റേറ്റീവായും പ്രവര്‍ത്തിക്കുന്ന സമയത്തും ഹനീഫ് മിമിക്രി പരിപാടികള്‍ ചെയ്തിരുന്നു. പ്രിയ സുഹൃത്തും പ്രമുഖ മിമിക്രി, സിനിമാ താരവുമായിരുന്ന സൈനുദ്ദീനാണ് ഹനീഫിനെ കൊച്ചിന്‍ കലാഭവനിലെത്തിച്ചത്. സിദ്ദീഖ്, ലാല്‍, ജയറാം, സൈനുദ്ദീന്‍, ഹരിശ്രീ അശോകന്‍, ദിലീപ് തുടങ്ങി നിരവധി പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കൊപ്പം ഹനീഫ് കലാഭവനില്‍ പ്രവര്‍ത്തിച്ചു.

കലാഭവനിലൂടെ ലഭിച്ച ശ്രദ്ധേയമായ സ്റ്റേജ് ഷോകളിലൂടെ ജനകീയ കലാകാരനായി മാറിയ ഹനീഫ് 1990-ല്‍ പുറത്തിറങ്ങിയ ‘ചെപ്പുകിലുക്കണ ചങ്ങാതി’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചെറിയ വേഷമാണെങ്കിലും ‘ഈ പറക്കും തളിക’ എന്ന ചിത്രത്തിലെ മേക്കപ്പിട്ട് വികൃതമാക്കുന്ന കല്യാണച്ചെറുക്കന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘പാണ്ടിപ്പടയിലെ’ ചിമ്പു എന്ന കഥാപാത്രവും കലാഭവന്‍ ഹനീഫിന്റെ അഭിനയ ജീവിതത്തിലെ ഏറെ ജനപ്രീതി നേടിയ വേഷങ്ങളായിരുന്നു. ഉസ്താദ് ഹോട്ടല്‍, ദൃശ്യം, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ പുതിയകാല ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ഹനീഫ് ഇതിനോടകം 150-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാനവേഷങ്ങളില്‍ എത്തിയ ജലധാര പമ്പ് സെറ്റ് എന്ന ചിത്രത്തിലാണ് ഹനീഫ് അവസാനമായി അഭിനയിച്ചത്.

സിനിമകളിലും മിമിക്രി വേദികളിലും സജീവമായി നില്‍ക്കുമ്പോള്‍ തന്നെ ടെലിവിഷന്‍ പരമ്പരകളിലും തിരക്കുള്ള നടനായിരുന്നു ഹനീഫ്. അറുപതോളം ടെലിവിഷന്‍ സീരിയലുകളില്‍ കലാഭവന്‍ ഹനീഫ് വേഷമിട്ടു. മലയാളികളുടെ പ്രിയപ്പെട്ട മിമിക്രി കലാകാരനായി മാറിയ കലാഭവന്‍ ഹനീഫ് ഇന്ത്യയ്ക്കകത്തും വിദേശത്തുമായി ഒട്ടനവധി ഷോകളുടെ സജീവ സാന്നിധ്യമായിരുന്നു. ‘കോമഡിയും മിമിക്‌സും പിന്നെ ഞാനും’ എന്ന ജനപ്രിയ ടെലിവിഷന്‍ ഷോ ഉള്‍പ്പെടെ നിരവധി പരിപാടികളുടെ ഭാഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വാഹിദയാണ് ഭാര്യ. ഷാരുഖ്, സിത്താര എന്നിവര്‍ മക്കളാണ്.