യുദ്ധക്കളമായി തലസ്ഥാന നഗരി; പോലീസും കെ.എസ്.യു പ്രവര്‍ത്തകരും ഏറ്റുമുട്ടി

Share

തിരുവനന്തപുരം: തൃശൂര്‍ കേരളവര്‍മ കോളേജിലെ തിരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചുവെന്നും തിരഞ്ഞെടുപ്പില്‍ ഇടപെട്ട മന്ത്രി ആര്‍. ബിന്ദു രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു സംഘടിപ്പിച്ച മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ പ്രതിഷേധിച്ച് മന്ത്രി ആര്‍. ബിന്ദുവിന്റെ ഔദ്യോഗിക വസതിയിലേക്ക് കെഎസ്.യു നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടിയത് തലസ്ഥാനത്തെ യുദ്ധക്കളമാക്കി മാറ്റി. പോലീസ് ലാത്തിച്ചാര്‍ജില്‍ പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കേരളവര്‍മ കോളജിലെ മുന്‍ അദ്ധ്യാപിക ആയിരുന്ന മന്ത്രി ആര്‍. ബിന്ദുവിന് തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്.

ബേക്കറി ജംഗ്ഷന് സമീപത്തുവച്ച് മാര്‍ച്ച് ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടയുകയായിരുന്നു. എന്നാല്‍ ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചതോടെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പോലീസ് ലാത്തി വീശുകയായിരുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. അകാരണമായി പോലീസ് മര്‍ദിക്കുകയായിരുന്നെന്ന് കെഎസ്യു ആരോപിച്ചു.