മലൈബാര്‍ ഫൗണ്ടേഷന്‍ സാഹിത്യ സംരംഭം’വണ്‍ വേര്‍ഡ്’ ബുക്ക് ക്ലബ്; പ്രകാശനം നിര്‍വഹിച്ച് ശൈഖ് ഹുമൈദ് ബിന്‍ ഖാലിദ് അല്‍ ഖാസിമി

Share

ഷാര്‍ജ: ജാതി-മത-രാഷ്ട്രീയ-ദേശ ഭേദമന്യേ എല്ലാവരിലും സാംസ്‌കാരിക നവോത്ഥാനം എന്ന ആശയം ലക്ഷ്യമാക്കി നാട്ടിലും മറുനാട്ടിലും സജീവ സാന്നിധ്യമായി മുന്നേറുന്ന ‘മര്‍കസ് നോളജ് സിറ്റി’യുടെ ചാലക ശക്തിയായി നിലകൊള്ളുന്ന സംഘടനയാണ് മലൈബാര്‍ ഫൗണ്ടേഷന്‍ ഫോര്‍ റിസേര്‍ച്ച് & ഡെവലപ്‌മെന്റ്. ഇപ്പോഴിതാ മര്‍കസ് നോളജ് സിറ്റിയുടെ ആശീര്‍വാദത്തോടെ ഏറ്റവും പുതിയൊരു സാഹിത്യ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മലൈബാര്‍ ഫൗണ്ടേഷന്‍. ‘വണ്‍ വേഡ് ബുക്ക് ക്ലബ്’ എന്ന് പേരിട്ടിരിക്കുന്ന നൂതന വായനാ പദ്ധതിയുടെ ലോഞ്ചിംഗ് ഷാര്‍ജ രാജകുടുംബാംഗം ശൈഖ് ഹുമൈദ് ബിന്‍ ഖാലിദ് അല്‍ ഖാസിമി നിര്‍വഹിച്ചു.

ഉന്നത ഉദ്യോഗസ്ഥര്‍, മതപണ്ഡിതര്‍, എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ 42-ാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക് ഫെയറിലെ അല്‍ മജ്ലിസ് പവലിയനിലായിരുന്നു ‘വണ്‍ വേഡ്’ ബുക്ക് ക്ലബിന്റെ പ്രകാശനം. ഷാര്‍ജ പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ അബ്ദുല്‍ ലത്തീഫ് മുസ്തഫ അല്‍ഹാദി, ശൈഖ് ഹുമൈദ് പ്രൈവറ്റ് ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഹിസ് എക്‌സലന്‍സി അലി അല്‍ മസീം, ശൈഖ് ഹുമൈദ് ഓഫിസ് ഡയക്ടര്‍ ഉമര്‍ അല്‍ ഉസൈറി, മര്‍കസ് ഗ്ലോബല്‍ കൗണ്‍സില്‍ സി.ഇ.ഒ ഉബൈദുള്ള സഖാഫി, യാബ് ലീഗല്‍ സര്‍വീസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, റിനം ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ പി.ടി.എ അബ്ദുല്‍ മുനീര്‍, മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ മുഹമ്മദ് സാലി കുഞ്ഞു, ദുബൈ മര്‍കസ് പ്രസിഡന്റ് മുഹമ്മദ് സൈനി, വിനോദ് നമ്പ്യാര്‍, സയ്യിദ് ഹൈദ്രോസ് തങ്ങള്‍, സയ്യിദ് ഇല്യാസ് തങ്ങള്‍, മുനീര്‍ പാണ്ടിയാല, മുഹമ്മദ് നുഹ്‌മാന്‍ നൂറാനി, യാസീന്‍ ഫവാസ്, മുനീര്‍ എ റഹ്‌മാന്‍, എഴുത്തുകാരന്‍ കെ.വി.കെ ബുഖാരി, മുസമ്മില്‍ എ.ജി എന്നിവര്‍ സംബന്ധിച്ചു. ഷാര്‍ജ രാജകുടുംബാഗം ശൈഖ് ഹുമൈദ് ബിന്‍ ഖാലിദ് അല്‍ ഖാസ്മിയെ യാബ് ലീഗല്‍ സര്‍വീസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി ഉപഹാരം നല്‍കി ആദരിച്ചു.

പുസ്തകങ്ങളുടെയും അറിവുകളുടെയും ലോകത്ത് ഒന്നിച്ചുകൂടാനും ഗവേഷണം നടത്താനും ആഗ്രഹിക്കുന്ന വായനക്കാര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ഒരുക്കാന്‍ ലക്ഷ്യമിടുന്നതാണ് മലൈബാര്‍ ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് & ഡെവലപ്മെന്റിന്റെ സവിശേഷ സാഹിത്യ സംരംഭമായ ‘വണ്‍ വേഡ് ബുക്ക് ക്ലബ്’. ഈ പദ്ധതി വെറുമൊരു ബുക്ക് ക്ലബ് മാത്രമല്ലെന്നും വായനയിലൂടെ സന്തോഷം പങ്കിടുന്നവരുടെ ഒരു വലിയ കമ്മ്യൂണിറ്റി കൂടിയാണിതെന്നും നിരന്തരമായ വായനയിലൂടെയും ചര്‍ച്ചകളിലൂടെയും മൂല്യവത്തായ ബന്ധങ്ങള്‍ പ്രചോദിപ്പിക്കാന്‍ നൂതന സംരംഭം അവസരമൊരുക്കുമെന്നും മലൈബാര്‍ ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് & ഡെവലപ്മെന്റ് സാരഥികള്‍ അഭിപ്രായപ്പെട്ടു.