സ്വകാര്യ ബസുടമകളും സര്‍ക്കാരും ഇടയുന്നു; നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

Share

തിരുവനന്തപുരം: 2023 നവംബര്‍ 21 മുതല്‍ കേരളത്തിലെ സ്വകാര്യ ബസുകള്‍ പ്രതിഷേധ സൂചകമായി അനിശ്ചിതകാലത്തേയ്ക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഉടമകളുടെ സംഘടനകള്‍ അറിയിച്ചു. നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന ഇളവോടെയുള്ള യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്. മാത്രമല്ല നവംബര്‍ 1 മുതല്‍ സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാര്‍ക്കും മുന്‍ സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റും ഒപ്പം നിരീക്ഷണ ക്യാമറയും നിര്‍ബന്ധമാക്കുന്നതില്‍ ഗതാഗത മന്ത്രിക്കെതിരെ ബസ് ഉടമകള്‍ പ്രതിഷേധം രേഖപ്പെടുത്തി. ചുരുങ്ങിയ സമയത്തിനുള്ളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും സജ്ജീകരിക്കാന്‍ കഴിയില്ലെന്നും നവംബര്‍ 1-നുള്ളില്‍ തീരുമാനം നടപ്പിലാക്കാന്‍ കഴിയില്ലെന്നും ബസ് ഉടമകൾ വ്യക്തമാക്കി.

സീറ്റ് ബെൽറ്റും ക്യാമറയും ഘടിപ്പിക്കാൻ കൂടുതല്‍ സമയം വേണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.  2024 ഏപ്രില്‍ മാസം വരെ സമയം നല്‍കണമെന്ന് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം ഒക്ടോബര്‍ 31-ലെ സൂചനാ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകള്‍ അവരുടെ നിലപാട് വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ യാത്രക്കൂലി വര്‍ദ്ധന, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ തീരുമാനം എന്നിവയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബര്‍ 31-ന് സൂചനാ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസ്സുടമകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. ഇതില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകാന്‍ സംയുക്തസമര സമിതിയുടെ കൂട്ടായ തീരുമാനം.