യുഎഇ-യില്‍ ഒരേ സമയം രണ്ട് ജോലി സാധ്യമാണോ? വിശദാംശങ്ങളിതാ…

Share

ദുബായ്: യുഎഇ-യില്‍ ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് മറ്റൊരു അധിക വരുമാനം കൂടി നേടാന്‍ കഴിയുമോ എന്ന ചോദ്യം ഇപ്പോള്‍ സജീവമാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരേ സമയത്ത് രണ്ട് സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ നിയമപരമായി കഴിയുമോ എന്ന സംശയമാണ് ഉയരുന്നത്. എന്നാല്‍ യുഎഇ-യില്‍ രണ്ട് തൊഴിലുടമകള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ തൊഴില്‍ നിയമത്തിലുണ്ട്. പക്ഷേ നിബന്ധനകള്‍ പാലിച്ചായിരിക്കണം ഇത്തരത്തില്‍ രണ്ട് തൊഴിലുടമകള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പ്രവാസികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്ത് കൂടുതല്‍ വരുമാനം സമ്പാദിക്കുന്നതുമായി ബന്ധപ്പെട്ട് യു.എ.ഇ മാനവവിഭവശേഷി മന്ത്രാലയം ചില നിയമങ്ങളും വ്യവസ്ഥകളും മുന്നോട്ടുവച്ചിട്ടുണ്ട്.

ഒരു മുഴുവന്‍ സമയ ജോലിയോടൊപ്പം പാര്‍ട്ട് ടൈം ജോലിയും പ്രവാസികള്‍ക്ക് അനുവദിക്കുന്ന പാര്‍ട്ട്-ടൈം കോണ്‍ട്രാക്ടറ്റ് സിസ്റ്റം 2010-ലാണ് നിലവില്‍ വന്നത്. എന്നാല്‍ മാനവവിഭവ ശേഷി മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമാണ് ഇങ്ങനെ പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ അവസരം ലഭിക്കുക. എന്നാല്‍ 2018-ല്‍ രാജ്യത്തിനകത്ത് നിന്നോ വിദേശത്ത് നിന്നോ പാര്‍ട്ട് ടൈം കരാര്‍ സമ്പ്രദായത്തില്‍ വിദഗ്ദ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കമ്പനികളെ അനുവദിക്കുന്ന പുതിയൊരു നിയമം മന്ത്രാലയം നടപ്പിലാക്കി. ഈ തൊഴില്‍ കരാര്‍ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് മാത്രമായാണ് ഈ നിയമം പരമിതപ്പെടുത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ബിരുദമോ ഉന്നത വിദ്യാഭ്യാസ യോഗ്യതയോ ഉള്ളവര്‍ക്കും സാങ്കേതിക, ശാസ്ത്ര മേഖലകളില്‍ രണ്ടോ മൂന്നോ വര്‍ഷത്തെ ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും മാത്രമേ ഈ പെര്‍മിറ്റിന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ എന്നതാണ് പ്രധാന നിബന്ധന. ഏത് തരത്തിലുള്ള വിസ എന്നതിനനുസരിച്ച് വര്‍ക്ക് പെര്‍മിറ്റിനായി സമര്‍പ്പിക്കേണ്ട രേഖകളിലും വ്യത്യാസം വരും. ഫാമിലി സ്പോണ്‍സേര്‍ഡ് വിസ, വര്‍ക്ക് വിസ എന്നീ വിസകള്‍ അനുസരിച്ചാണ് ഇത് വ്യത്യാസപ്പെടുന്നതെന്ന് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിയമത്തില്‍ പറയുന്നു.

ഇത്തരത്തില്‍ രണ്ടാമതൊരു വര്‍ക്ക് പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ ആദ്യത്തെ സ്‌പോന്‍സറുടെ അനുമതി പത്രം ആവശ്യമാണ്. അത് ലഭിച്ചു കഴിഞ്ഞാല്‍ രണ്ടാമത്തെ തൊഴിലുടമയാണ് പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റിനായി മന്ത്രാലയത്തിലേക്ക് അപേക്ഷിക്കേണ്ടത്. നിലവിലെ വിസ, പാസ്പോര്‍ട്ട് എന്നിവയുടെ കോപ്പികളും ആവശ്യമായ മറ്റ് രേഖകളും തൊഴിലുടമയ്ക്ക് നല്‍കിക്കഴിഞ്ഞാല്‍ പിന്നെ അപേക്ഷ ഫീസായി 100 ദിര്‍ഹവും അപ്രൂവല്‍ ഫീസായി 500 ദിര്‍ഹവും നല്‍കണം. ഇതിന് ശേഷമായിരിക്കും നിയമപരമായി രണ്ടാമതൊരു തൊഴില്‍ ചെയ്യാന്‍ അനുമതി ലഭിക്കുക. അതേസമയം ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ പെര്‍മിറ്റ് ഇല്ലാതെ പാര്‍ട്ട് ടൈം ജോലി കൂടി ചെയ്ത് പിടിക്കപ്പെട്ടാല്‍ തൊഴില്‍ തരുന്ന കമ്പനി 50,000 ദിര്‍ഹം വരെ പിഴയടക്കേണ്ടി വരും. തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ തുക വീണ്ടും വര്‍ദ്ധിക്കുമെന്നും നിയമത്തില്‍ പറയുന്നു.