വയലാര്‍ ഇല്ലാത്ത 48 വര്‍ഷങ്ങള്‍; പാട്ടോര്‍മ്മകളില്‍ വയലാര്‍ ജീവിക്കുന്നു ഇന്നും ജനഹൃദയങ്ങളില്‍

Share

NEWS DESK: വയലാര്‍ രാമവര്‍മ എന്ന മാലയാളികളുടെ പ്രിയപ്പെട്ട വയലാര്‍ ഓര്‍മയായിട്ട് ഇന്ന് 48 വര്‍ഷം തികയുകയാണ്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ വയലാര്‍ ഗ്രാമത്തില്‍ വെള്ളാരപ്പള്ളി കേരളവര്‍മ്മയുടെയും വയലാര്‍ രാഘവപ്പറമ്പില്‍ അംബാലിക തമ്പുരാട്ടിയുടെയും മകനായി 1928 മാര്‍ച്ച് മാസം 25-നായിരുന്നു വയലാറിന്റെ ജനനം. ചേര്‍ത്തല ഹൈസ്‌കൂളിലെ ഔപചാരിക വിദ്യാഭ്യാസത്തിനുശേഷം അമ്മയുടെയും അമ്മാവന്റെയും മേല്‍നോട്ടത്തില്‍ ഗുരുകുല സംസ്‌കൃത പഠനം നടത്തി. ഈ ഇത്തിരിപ്പോന്ന അറിവിന്റെ പിന്‍ബലത്തിലാണ് പിൽക്കാലത്ത് ഭാഷാ പണ്ഡിതന്‍മാരെ പോലും വിസ്മയിപ്പിക്കുന്ന തരത്തിൽ അക്ഷരത്തിന്റെ മായാജാലം തീര്‍ക്കാന്‍ വയലാറിന് കഴിഞ്ഞത്.

കാലം എത്ര കഴിഞ്ഞാലും വയലാര്‍ മലയാളക്കരയില്‍ കുറിച്ചിട്ട വരികള്‍ ഇന്നും ആയിരങ്ങള്‍ ഏറ്റുപാടുകയാണ് തലമുറ ഭേദമില്ലാതെ. പ്രകൃതിയെയും മനസിനെയും ചക്രവാള സീമകളെയും തൊട്ടറിഞ്ഞ എത്രയോ കവിതകളും ഗാനങ്ങളുമാണ് വയലാറിന്റെ തൂലികത്തുമ്പില്‍ പിറന്നുവീണത്. പ്രത്യേകിച്ചും മലയാള ചലച്ചിത്ര ഗാനശാഖയില്‍ പ്രണയമായും, വിരഹമായും, വാല്‍സല്യമായും, ആത്മീയമായും, തത്വാധിഷ്ടിതമായും വയലാര്‍ കുറിച്ചുവച്ച പാട്ടുകള്‍ വരുന്ന പുതുതലമുറകള്‍ പാടിക്കൊണ്ടേയിരിക്കും. 1956-ല്‍ ‘കൂടപ്പിറപ്പ്’ എന്ന സിനിമയിലൂടെ പാട്ടെഴുത്തിലേക്കുള്ള പ്രയാണം തുടങ്ങിവച്ച വയലാര്‍ 250 ലേറെ ചിത്രങ്ങള്‍ക്കായി 1300 ലേറെ ഗാനങ്ങള്‍ സമ്മാനിച്ചു. മലയാളം കണ്ട അതുല്യ സംഗീത പ്രതിഭകളില്‍ മുന്‍സ്ഥാനീയനായ ജി. ദേവരാജന്‍ മാസ്റ്ററും വയലാറും മലയാള സിനിമയില്‍ എക്കാലത്തേയും അല്‍ഭുത കൂട്ടുകെട്ടാണ് സമ്മാനിച്ചത്. 135 ചിത്രങ്ങളിലൂടെ വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ടില്‍ മാത്രം 755 ഗാനങ്ങളാണ് മലയാളി ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്. എം.എസ്. ബാബുരാജ്, വി. ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍ തുടങ്ങിയ സംഗീത സംവിധായകരും വയലാറിനൊപ്പം ചേര്‍ന്നപ്പോള്‍ മലയാള ചലച്ചിത്ര ഗാനശാഖ പാട്ടിന്റെ പാലാഴിയായി മാറി.

‘കടലിനക്കരെ പോണോരെ’…’സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍’… ‘സ്വര്‍ണ ചാമരം വീശി എത്തുന്ന’… ‘പ്രവാചകന്‍മാരെ പറയൂ’…’കായാമ്പൂ കണ്ണില്‍ വിടരും’…’തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി’…’പാരിജാതം തിരുമിഴി തുറന്നു’..’തങ്കത്തളികയില്‍ പൊങ്കലുമായ് വന്ന’…’വെണ്ണ തോല്‍ക്കുമുടലോടെ’…’സ്വര്‍ഗത്തേക്കാള്‍ സുന്ദരമാണീ’…’മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു’…’സഖാക്കളേ മുന്നോട്ട്’..’ചലനം ചലനം ചലനം’…’ആയിരം പാദസരങ്ങള്‍ കിലുങ്ങി’…’പെരിയാറേ പെരിയാറേ’….’കണ്ണുനീര്‍ മുത്തുമായ്’..’കാറ്റില്‍ ഇളംകാറ്റില്‍’… ‘ചക്രവര്‍ത്തിനീ’…’കള്ളിപ്പാലകള്‍ പൂത്തു’..’യവനസുന്ദരീ’….തുടങ്ങി ആസ്വാദനത്തിന്റെ ഇന്ദ്രജാലം തീര്‍ത്ത വയലാര്‍ ഗാനങ്ങള്‍ കേള്‍ക്കാത്ത ഒരു ദിവസം മലയാളിക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയില്ല.

വിവിധ മതങ്ങളിലെ നന്‍മളെ പ്രകീര്‍ത്തിച്ച് ആത്മീയത വിഷയമാക്കി വയലാര്‍ രചിച്ച പാട്ടുകളും എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളാണ്. മതങ്ങള്‍ പുലര്‍ത്തിവന്നിരുന്ന അന്ധവിശ്വാസത്തെയും വര്‍ഗീയതയെയും എതിര്‍ക്കുമ്പോള്‍ തന്നെ ദൈവ വിശ്വാസത്തിന്റെ മാനവിക തലങ്ങളെക്കുറിച്ചും വയലാര്‍ അക്കാലത്ത് നിരന്തരം എഴുതി. 1957-ല്‍ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് അവതരിപ്പിക്കാന്‍ വേണ്ടി രചിച്ച ‘ബലികുടീരങ്ങളേ’… എന്ന ഗാനം വിപ്ലവ പോരാട്ടങ്ങള്‍ക്ക് അന്നും ഇന്നും ഊര്‍ജമാണ്.. ലഹരിയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് വയലാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ‘പാദമുദ്ര’, ‘ആയിഷ’, ‘താടക’, ‘അശ്വമേധം’, ‘ആത്മാവില്‍ ഒരുചിത’ തുടങ്ങി മലയാളിയുടെ ഹൃദയ സ്പന്ദനങ്ങള്‍ ഒപ്പിയെടുത്ത എത്രയെത്ര കവിത ശില്പങ്ങളാണ് വയലാര്‍ നമുക്ക് സമ്മാനിച്ചത്. മൂന്നര വയസുളളപ്പോള്‍ പിതാവ് വേര്‍പിരിഞ്ഞതിന്റെ ഓര്‍മ്മയ്ക്കായി പില്‍ക്കാലത്ത് ‘ആത്മാവില്‍ ഒരുചിത’ എന്ന പേരില്‍ വയലാര്‍ രചിച്ച കവിത ഇന്നും ഒരു ഹൃദയനൊമ്പരമായി അവശേഷിക്കുകയാണ്.

വയലാറിന്റെ സര്‍ഗ്ഗാത്മക വൈഭവത്തിന് അംഗീകാരമായി സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നാടറിഞ്ഞു നല്‍കിയ എത്രയോ ഉപഹാരങ്ങള്‍…1961 ല്‍ ‘സര്‍ഗ്ഗസംഗീതം’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1974-ല്‍ ‘നെല്ല്’, ‘അതിഥി’ എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണ മെഡല്‍ നേടി. 1975 ഒക്ടോബര്‍ 27-നായിരുന്നു ആ സര്‍ഗപ്രതിഭ പാട്ടിന്റെ ലോകത്ത് നിന്നും വിടചൊല്ലിയത്. വേര്‍പാടിന്റെ 48 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും വയലാര്‍ സമ്മാനിച്ച പാട്ടിന്റെ മായാ പ്രപഞ്ചം ഇന്നും ആസ്വാദനത്തിന്റെ പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു കൊണ്ടേയിരിക്കുന്നു..അത് തലമുറകളില്‍ നിന്നും തലമുറകളിലേക്ക് പകര്‍ന്നു കൊണ്ടേയിരിക്കും..അതാണ് വയലാര്‍ മാജിക്…