അമേരിക്കയില്‍ വെടിവെയ്പ്പ്; 22 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

Share

വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ്. മെയ്‌നിലെ ലെവിസ്റ്റണ്‍ നഗരത്തിലെ ഒരു ബൗളിംഗ് കേന്ദ്രം, ബാര്‍, റസ്റ്റോറന്റ്, വാള്‍മാര്‍ട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലായി ഉണ്ടായ വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടതായി യു.എസ് പോലീസ് അറിയിച്ചു. അറുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് ഈ സംഭവം നടന്നതെങ്കിലും അക്രമിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ലെവിസ്റ്റണിലെ ഒരു കായിക സമുച്ചയത്തിലെ ബോളിംഗ് പരിശീലന കേന്ദ്രത്തിലാണ് ആദ്യം വെടിവയ്പ്പുണ്ടായതെന്ന് രാജ്യാന്തര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെയാണ് ബാറിലും വാള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തിലും വെടിവയ്പ്പുണ്ടായത്.

ബൗളിംഗ് കേന്ദ്രത്തിനുള്ളില്‍ സെമി ഓട്ടോമാറ്റിക് രീതിയിലുള്ള ആയുധമേന്തി നടക്കുന്ന ഷൂട്ടറുടെ ഫോട്ടോ ലോക്കല്‍ പോലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ബ്രൗണ്‍ ടോപ്പും നീല പാന്റ്‌സും ബ്രൗണ്‍ ഷൂസുമാണ് ഇയാള്‍ ധരിച്ചിരുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ ബന്ധപ്പെടണമെന്ന് യു.എസ് പോലീസ് ആവശ്യപ്പെട്ടു. അതേസമയം റോബര്‍ട്ട് കാര്‍ഡ് എന്നയാളാണ് വെടിയുതിര്‍ത്തതെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് ആര്‍മിയിലെ ആയുധ സൂക്ഷിപ്പ് കേന്ദ്രത്തിലെ ഇന്‍സ്ട്രക്ടര്‍ ആണ് റോബര്‍ട്ട് എന്നും വിവരമുണ്ട്. മാനസിക അസ്വാസ്ഥ്യം അനുഭവിച്ചിരുന്നയാളാണ് റോബര്‍ട്ടെന്നും മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് അടുത്തിടെയാണ് ഇയാളെ ഡിസ്ചാര്‍ജ് ചെയ്തതെന്നും പൊലീസ് വ്യത്തങ്ങള്‍ പറയുന്നു.

അക്രമിയെ പിടികൂടാത്ത സാഹചര്യത്തില്‍ പ്രദേശത്തെ ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന കടുത്ത ജാഗ്രതാ നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. അക്രമി എത്തിയതെന്ന് സംശയിക്കുന്ന ഒരു വെള്ള എസ്യുവി കാറിന്റെ ചിത്രവും അധികൃതര്‍ പുറത്തുവിട്ടു. ഒന്നില്‍ കൂടുതല്‍ അക്രമികളുണ്ടായിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങള്‍ പൊലീസിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഗവര്‍ണര്‍ ജാനറ്റ് മില്‍സും പ്രസിഡന്റ് ജോ ബൈഡനെ കാര്യങ്ങള്‍ ധരിപ്പിച്ചതായി വെറ്റ് ഹൗസും അറിയിച്ചു.