തന്നെ മുറിയില്‍ പൂട്ടിയിട്ടുവെന്ന് രാഹുല്‍; സംഭവം സൈനികരുടെ മൃതദേഹം കാണാന്‍ പോയപ്പോള്‍

Share

ഡല്‍ഹി: പുല്‍വാമയില്‍ വീരമൃത്യ വരിച്ച സൈനികരുടെ മൃതദേഹം കാണാന്‍ പോയ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെ മുറിയില്‍ പൂട്ടിയിട്ടതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെയുണ്ടായിരുന്നു. അവിടെ നിന്ന് പുറത്തുകടക്കുവാന്‍ തനിക്ക് പ്രതിഷേധിക്കേണ്ടി വന്നുവെന്നും രാഹുല്‍ പറഞ്ഞു. ഈ സംഭവം തീര്‍ത്തും അരോചകമായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇരുവരുടെയും സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നു.

രാഹുല്‍ ഗാന്ധി തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് സത്യപാല്‍ മാലിക്കുമായി സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചത്. പുല്‍വാമ ആക്രമണം, ജമ്മു കശ്മീരിലെ സാഹചര്യം തുടങ്ങി നിരവധി വിഷയങ്ങളെ കുറിച്ച് ഇരുവരും വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. 2019ലെ പുല്‍വാമ ആക്രമണത്തിന് പിന്നില്‍ സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് സത്യപാല്‍ മാലിക് കുറ്റപ്പെടുത്തി. ‘ഇത് ഞങ്ങളുടെ പിഴവാണെന്ന് ഞാന്‍ രണ്ട് ചാനലുകളോട് പറഞ്ഞു. എന്നാല്‍ ഇത് മറ്റെവിടെയും പറയരുതെന്ന് എന്നോട് ആവശ്യപ്പെട്ടു… എന്റെ മൊഴി അന്വേഷണത്തെ ബാധിക്കുമെന്ന് ഞാന്‍ കരുതി, പക്ഷേ അന്വേഷണം ഒന്നുമുണ്ടായില്ല. അത് തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുകയാണുണ്ടായത്,’ സത്യപാല്‍ മാലിക് പറഞ്ഞു.

എന്തുകൊണ്ടാണ് പുല്‍വാമ സംഭവം നടന്നത്. സിആര്‍പിഎഫ് അഞ്ച് എയര്‍ക്രാഫ്റ്റാണ് ആവശ്യപ്പെട്ടത്. ആ വിവരം ആഭ്യന്തര മന്ത്രാലയത്തിലേക്കാണ് വന്നത്. തന്നോട് ചോദിച്ചിരുന്നുവെങ്കില്‍ അത് ഉടന്‍ നല്‍കുമായിരുന്നു. മുമ്പ് മഞ്ഞുമലയില്‍ കുടുങ്ങി കിടന്നിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താന്‍ എയര്‍ക്രാഫ്റ്റ് എത്തിച്ചുകൊടുത്ത സാഹചര്യമുണ്ടായിട്ടുണ്ട്. ഡല്‍ഹിയില്‍ എയര്‍ക്രാഫ്റ്റ് വാടകയ്ക്ക് എടുക്കുന്നത് എളുപ്പമാണ്. പക്ഷേ അവരുടെ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തില്‍ നാല് മാസത്തോളം കെട്ടി കിടക്കുന്ന അവസ്ഥയുണ്ടായി. അതിന് ശേഷം അത് നിരസിക്കപ്പെടുകയും ചെയ്തു.