ഗാസ അതീവ പ്രതിസന്ധിയില്‍, ഇന്ധനം ഇന്ന് ഒരുദിവസം കൂടി മാത്രം

Share

ഗാസ: ഗാസ കൂട്ടമരണത്തിലേക്കെന്ന് സന്നദ്ധ സംഘടനകള്‍. അവസാന തുള്ളി ഇന്ധനവും ഇന്ന് രാത്രി തീരുന്നതോടെ ഗാസ അതി ഭീകരവും ദയനീയവുമായ അവസ്ഥയിലേക്ക് പോകുമെന്ന് ഓക്‌സ്ഫാം അടക്കമുള്ള സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ ശുദ്ധജലം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നാണ് കണക്ക്. ഇതിനിടെ സിറിയയിലെ സൈനിക കേന്ദ്രത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. യുദ്ധം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അമേരിക്ക മേഖലയില്‍ സൈനിക സാന്നിധ്യം കൂട്ടുകയാണ്.

ആശുപത്രികളില്‍ ഭൂരിപക്ഷവും ഇന്ധനമില്ലാതെ പ്രവര്‍ത്തനം നിര്‍ത്തി. മിക്കയിടത്തും ഭാഗിക പ്രവര്‍ത്തനം മാത്രമാണ് നടക്കുന്നത്. ഇന്ധനം ഉടന്‍ എത്തിയില്ലെങ്കില്‍ കൂട്ടമരണം ഉണ്ടാകുമെന്നാണ് സന്നദ്ധ സംഘടനകള്‍ അറിയിക്കുന്നത്. ആറ് ലക്ഷം അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കി വരുന്ന യുഎന്‍ ഏജന്‍സികള്‍ ഇന്ധനം എത്തിയില്ലെങ്കില്‍ ഇന്നോടെ പ്രവര്‍ത്തനം നിര്‍ത്തും. ഇന്ധന ട്രക്കുകളെ ഗാസയില്‍ കടക്കാന്‍ ഇസ്രയേല്‍ അനുവദിച്ചിട്ടില്ല. അതേസമയം, കനത്ത വ്യോമാക്രമണം ഇസ്രയേല്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 300 കുട്ടികള്‍ അടക്കം 704 പേര്‍ കൊല്ലപ്പെട്ടു. കടലിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പത്ത് പേരെ വധിച്ചതായി ഇസ്രയേല്‍ അറിയിച്ചു.