ഇന്‍ഷ്വറന്‍സിന് 24 മണിക്കൂര്‍ ആശുപത്രി വാസം വേണ്ട; ഉത്തരവുമായി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

Share

കൊച്ചി: ആരോഗ്യ ഇന്‍ഷ്വറന്‍സ് അഥവ മെഡിക്കല്‍ ക്ലയിം തുക ലഭിക്കാന്‍ 24 മണിക്കൂര്‍ ആശുപത്രിയില്‍ കിടക്കണമെന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമെന്ന് വ്യക്തമാക്കി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. 24 മണിക്കൂര്‍ ആശുപത്രിവാസം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഒപി ചികിത്സയായി കണക്കാക്കി ഇന്‍ഷ്വറന്‍സ് കമ്പനി ക്ലെയിം അപേക്ഷ നിരസിച്ചതിനെതിരായ പരാതിയിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. ആധുനിക സാങ്കേതിക വിദ്യയും റോബോട്ടിക് സര്‍ജറിയും വ്യാപകമായ കാലഘട്ടത്തില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് ലഭിക്കുന്നതിന് 24 മണിക്കൂര്‍ ആശുപത്രിവാസം വേണമെന്ന ഇന്‍ഷ്വറന്‍സ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണ്. കിടത്തി ചികിത്സ ആവശ്യമുള്ളതും എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തില്‍ ചികിത്സ അവസാനിക്കുകയും ചെയ്താല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയ്ക്ക് അര്‍ഹതയുണ്ടാകുമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ വ്യക്തമാക്കി.

എറണാകുളം മരട് സ്വദേശി ജോണ്‍ മില്‍ട്ടണ്‍ ആണ് പരാതിയുമായി ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനെ സമീപിച്ചത്. മില്‍ട്ടന്റെ അമ്മയുടെ ഇടത് കണ്ണിന്റെ ശസ്ത്രക്രിയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചെയ്തു. ശസ്ത്രക്രിയ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആയിരുന്നതിനാല്‍ ഒരു ദിവസം പോലും ആശുപത്രിയില്‍ കിടക്കേണ്ടി വന്നില്ല. ശസ്ത്രക്രിയ നടന്ന് ഏതാനും മണിക്കൂറുകള്‍ക്കകം ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്ക് ചെലവായ തുക ലഭിക്കുന്നതിനു വേണ്ടി ഇന്‍ഷ്വറന്‍സ് കമ്പനിയെ സമീപിച്ചെങ്കിലും 24 മണിക്കൂര്‍ ആശുപത്രിവാസം ഇല്ലാത്തതിനാല്‍ ഒപി ചികിത്സയായി കണക്കാക്കി ഇന്‍ഷ്വറന്‍സ് കമ്പനി ക്ലെയിം അപേക്ഷ നിരസിക്കുകയായിരുന്നു.