ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറുന്നു; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Share

തിരുവനന്തപുരം: കേരളത്തില്‍ ഇന്നുമുതല്‍ നാല് ദിവസത്തോളം അതിശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടിനു സമാനമായ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും. വരുന്ന അഞ്ച് ദിവസം കൂടി വ്യാപക മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കരമന, നെയ്യാര്‍, വാമനപുരം നദികളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഴ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ സ്കൂൾ, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്  അവധിയാണ്. കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിയിട്ടുണ്ട്. അതേസമയം പിഎസ്സി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുകയാണ്. തലസ്ഥാന നഗരിയില്‍ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ട് ഇനിയും ഒഴിഞ്ഞിട്ടില്ല. കഴക്കൂട്ടം, വെള്ളായണി, കുറ്റിച്ചല്‍ കൂടാതെ നഗര ഭാഗങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ജില്ലയില്‍ 27  ദുരുതാശ്വാസ ക്യാമ്പുകളിലായി 875 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നിലനിൽക്കുകയാണ്. അതേസമയം കര്‍ണ്ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അധികൃതർ അറിയിച്ചു. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില സന്ദർഭങ്ങളിൽ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് കലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.