എല്‍.ജെ.ഡി പാര്‍ട്ടി ആര്‍.ജെ.ഡി-യില്‍ ലയിച്ചു; മുന്നണി മാറില്ലെന്ന് ശ്രേയാംസ് കുമാര്‍

Share

കോഴിക്കോട്: ലോക് താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) കേരള ഘടകം രാഷ്ട്രീയ ജനതാദളില്‍ (ആര്‍.ജെ.ഡി) ലയിച്ചു. കോഴിക്കോട് നടന്ന ലയന സമ്മേളനത്തില്‍ ആര്‍.ജെ.ഡി ദേശീയ നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവില്‍ നിന്ന് എം.വി. ശ്രേയാംസ് കുമാര്‍ പാര്‍ട്ടി പതാക ഏറ്റുവാങ്ങി. എം.വി. ശ്രേയാംസ് കുമാറിനെ ആര്‍.ജെ.ഡി-യുടെ കേരള ഘടകം പ്രസിഡന്റായി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് ലാലു പ്രസാദ് യാദവ് വീഡിയോ സന്ദേശത്തിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.

ഇരു പാര്‍ട്ടികളുടെയും ലയനം രാജ്യത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്ന് തേജസ്വി യാദവ് പറഞ്ഞു. പണക്കരുത്തും അധികാര ഹുങ്കും കൊണ്ട് ബിജെപി പ്രതിപക്ഷ പാര്‍ട്ടികളെ രാജ്യത്തുടനീളം അടിച്ചമര്‍ത്തുമ്പോള്‍ അവസരത്തിനൊത്തുയരുന്നതിന്റെ ഭാഗമാണ് ഈ കൈകോര്‍ക്കലെന്ന് തേജസ്വി യാദവ് പറഞ്ഞു.

സോഷ്യലിസ്റ്റുകളുടെ ഏകീകരണം എന്നത് ഓരോ പാര്‍ട്ടിക്കാന്റെയും മനസ്സിനുള്ളിലെ അടങ്ങാത്ത ആവേശവും ആഗ്രഹവുമാണെന്നും അതിനുള്ള കാല്‍വെപ്പാണ് ആര്‍.ജെ.ഡി-യുമായുള്ള ലയനമെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി. മുമ്പുണ്ടായ തിക്താനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമയമെടുത്ത് ആലോചന നടത്തിയാണ് ഇപ്പോഴത്തെ ലയന തീരുമാനം കൈകൊണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. വര്‍ഗീയ ശക്തികളോട് ഒരിക്കലും ഒരു രീതിയിലും വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത ആര്‍ജെഡിയുമായി ലയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തീരുമാനം എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഒരുപോലെ അനുകൂലിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

ആര്‍.ജെ.ഡി നേതാക്കളായ അബ്ദുള്‍ബാരി സിദ്ദിഖി, മനോജ് ഝാ, സഞ്ജയ് യാദവ് എന്നിവരും എല്‍.ജെ.ഡി നേതാക്കളായ വര്‍ഗീസ് ജോര്‍ജ്, കെ. പി മോഹനന്‍ തുടങ്ങിയവരും ലയന സംഗമത്തില്‍ പങ്കെടുത്തു. ഇരു പാര്‍ട്ടികളുടെയും ലയന ശേഷവും കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കുമെന്ന് എം.വി ശ്രേയാംസ്‌കുമാര്‍ വ്യക്തമാക്കി.