ഹമാസ് കേന്ദ്രങ്ങളില്‍ ഇരച്ചുകയറി ഇയ്രായേല്‍ പട്ടാളം; ബന്ദികളെ മോചിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു

Share

ടെല്‍ അവീവ്: ഇസ്രായേലുമായുള്ള ഏറ്റുമുട്ടലില്‍ ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ 250-ഓളം പേരെ രക്ഷപ്പെടുത്തുന്ന വീഡിയോ ഇസ്രയേല്‍ സേന പുറത്തുവിട്ടു. ഹമാസിന്റെ സുഫ ഔട്ട്‌പോസ്റ്റിലേക്ക് ഇസ്രായേല്‍ സൈന്യം ഇരച്ചുകയറി തുരുതുരെ വെടിയുതിര്‍ത്ത് ഹമാസ് ആയുധധാരികളെ കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങളാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഇസ്രായേല്‍ സേന പുറത്തുവിട്ടത്. സൈനിക നടപടിയിലൂടെ 26 പേരെ പിടികൂടുകയും ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ മുഹമ്മദ് അബു ആലി അടക്കമുള്ള നിരവധി ഭീകരരെ വധിച്ചതായും ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നുണ്ട്.

ബന്ദികളെ പാര്‍പ്പിച്ചിരുന്ന കെട്ടിടത്തിന്റെ പുറം ഭിത്തിയില്‍ സൈനികര്‍ വെടിയുതിര്‍ക്കുന്നതും ഗ്രനേഡ് എറിയുന്നതുമൊക്കെ ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ പുറത്തേക്കുവന്ന ഭീകരരിലൊരാളെ സൈന്യം ബലം പ്രയോഗിച്ച് പിടികൂടുന്നതും ദൃശ്യങ്ങളിലുണ്ട്. എനിക്ക് അവനെ കിട്ടി ഒന്ന് ഒരു സൈനികന്‍ അലറിവിളിക്കുന്നതിന്റെ ശബ്ദവും വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്നാണ് നിറതോക്കുകകളുമായി സൈന്യം കെട്ടിടത്തിലെ ബങ്കറിനുള്ളിലേക്ക് കടന്നത്. ഇവിടെ ചെറുത്തുനില്‍പ്പിന് ശ്രമിച്ച ഭീകരരെ ഒന്നൊന്നായി കീഴ്പ്പെടുത്തിയാണ് സൈന്യം മുന്നേറിയത്. ഒടുവില്‍ ഭീകരരെ എല്ലാം പിടികൂടിയശേഷം ബന്ദികളുമായി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. നിങ്ങളെ രക്ഷിക്കാനാണ് ഞങ്ങള്‍ എത്തിയതെന്നും ആര്‍ക്കെങ്കിലും പ്രഥമ ശുശ്രൂഷ ആവശ്യമുണ്ടെങ്കില്‍ അത് നല്‍കാമെന്നും സൈനികര്‍ ബന്ദികളോട് പറയുന്നത് വ്യക്തമാണ്. സൈനികര്‍ സ്ട്രെച്ചര്‍ ചുമന്ന് പോകുന്ന ദൃശ്യത്തോടെയാണ് ആ വീഡിയോ അവസാനിക്കുന്നത്.

ഇസ്രായേല്‍ സൈന്യത്തിന്റെ ‘ഷായെറ്റെറ്റ് 13’ യൂണിറ്റ് നടത്തിയ ഓപ്പറേഷന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ ഓപ്പറേഷനില്‍ സൈനികര്‍ക്ക് പരിക്കേറ്റോ എന്ന് വ്യക്തമല്ല. യുദ്ധം തുടങ്ങി ഏഴുദിവസം പിന്നിടുമ്പോള്‍ ഇസ്രയേലില്‍ 1,200 പേരും ഗാസയില്‍ 1,400 പേരും മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുകൂടാതെ 1,500 ഹമാസ് തീവ്രവാദികളുടെ മൃതദേഹങ്ങള്‍ ഇസ്രായേല്‍ പ്രദേശത്ത് കണ്ടെത്തിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഗാസയില്‍ കനത്ത വ്യോമാക്രമണം തുടരുന്ന ഇസ്രയേല്‍ സിറിയയെയും ആക്രമിച്ചു. ഇറാന്‍ വിദേശകാര്യമന്ത്രി ഇന്ന് സിറിയയില്‍ എത്താനിരിക്കെയാണ് യുദ്ധത്തിന് മറ്റൊരു മുഖം നല്‍കുന്ന ആക്രമണം ഉണ്ടായത്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെയും വടക്കന്‍ നഗരമായ ആലെപ്പോയിലെയും അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് മിസൈലാക്രമണം നടത്തിയത്. റണ്‍വേകള്‍ തകര്‍ന്നതോടെ രണ്ടിടത്തും വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചു.