ഇന്ത്യയുടെ ‘റുപേ’ കാര്‍ഡ് ഇനി യു.എ.ഇ-യിലും; പരസ്പര കരാർ പ്രാബല്യത്തില്‍

Share

അബുദബി: മണി എക്‌സ്‌ചേയ്ഞ്ച് മേഖലയില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ഇന്ത്യയും യു.എ.ഇ-യും. ഇന്ത്യയുടെ ആഭ്യന്തര കാര്‍ഡ് സ്‌കീമായ ‘റുപേ’ കാര്‍ഡ് ഉപയോഗിച്ച് ഇനിമുതല്‍ യുഎഇ-യിലും സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. 2024 പകുതിയോടെ യു.എ.ഇ-യിൽ റൂപേ കാർഡുകൾ ഉപയോഗിച്ചു തുടങ്ങാമെന്ന് അധികൃതർ വ്യക്തമാക്കി.  നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡും യുഎഇ-യിലെ അല്‍ ഇത്തിഹാദ് പേയ്മെന്റ്സും തമ്മിലാണ് കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇന്ത്യുടെ വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, അബൂദബി നിക്ഷേപ അതോറിറ്റി എം.ഡി ശൈഖ് ഹാമിദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്. ‘റുപേ’ക്ക് തുല്യമായ കാര്‍ഡ് യുഎഇ വികസിപ്പിക്കുന്നതിന് അനുസരിച്ച് ഇന്ത്യയിലും അതിനുള്ള അനുമതി ലഭിക്കും.

ഇന്ത്യയും യുഎഇ-യും മുമ്പ് ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ തുടര്‍ച്ചയുടെ ഭാഗമായാണ് ‘റുപേ’ കാര്‍ഡിന് യു.എ.ഇ അനുമതി നല്‍കുന്നത്. യുഎഇ-യിലെ ഇ-കൊമേഴ്സ്, ഡിജിറ്റല്‍ ഇടപാടുകള്‍ എന്നിവ ഇതിലൂടെ എളുപ്പത്തില്‍ നടത്താനാകും. യുഎഇ-യുടെ ഡിജിറ്റലൈസേഷന്‍ നയത്തിന് വിധേയമായാണ് സാമ്പത്തിക ക്രയവിക്രയത്തില്‍ പരസ്പരം സഹകരിക്കുന്നത്. പേയ്മെന്റ് ഓപ്ഷനുകള്‍ വര്‍ധിപ്പിക്കുക, പേയ്മെന്റുകളുടെ ചെലവ് കുറയ്ക്കുക, ആഗോള പേയ്മെന്റുകള്‍ എന്ന നിലയില്‍ യുഎഇ-യുടെ മത്സരശേഷിയും സ്ഥാനവും ഉയര്‍ത്തുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നീക്കം.