ഗാസ: ഹമാസിന്റെ റോക്കറ്റാക്രമണത്തിന് തിരിച്ചടി നല്‍കി ഇസ്രയേല്‍. രാജ്യത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്നും ഗാസയിലെ ആക്രമണത്തെ ശക്തമായി നേരിടുകയാണെന്നും ഇത് തീവ്രവാദികള്‍ക്കുള്ള തങ്ങളുടെ ആദ്യ പ്രഹരമാണെന്നും ഇസ്രായേല്‍ പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ഇരുപത് മിനിട്ടില്‍ അയ്യായിരത്തിലധികം റോക്കറ്റുകള്‍ പതിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ ഹമാസിനെ തിരിച്ചടിച്ചത്. ഇന്ന് രാവിലെ പ്രാദേശിക സമയം രാവിലെ 6:30-ഓടെയാണ് ഇസ്രായേലിന് നേരേ ഹമാസിന്റെ ആക്രമണമുണ്ടായത്. ഇരുപത് മിനിട്ടോളം നീണ്ടുനിന്ന ആക്രമണത്തില്‍ ഒരു വയോധിക കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹമാസ് സായുധ വിഭാഗം ഇസ്രയേലില്‍ നുഴഞ്ഞുകയറുന്നതായി ഇസ്രായേൽ പ്രതിരോധ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിരോധത്തിന് തയ്യാറാണെന്നും റോക്കറ്റ് ആക്രമണത്തെ നേരിടാനുള്ള സജ്ജീകരണങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്നും ഇസ്രയേല്‍ സേന വ്യക്തമാക്കി. തെക്കന്‍ ഇസ്രയേലില്‍ ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ഇസ്രയേല്‍ സേന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ സേന മേധാവികളുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉടന്‍ യോഗം ചേരുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഇസ്രയേലില്‍ നിന്നുള്ള വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. 20 മിനിറ്റിലെ ആദ്യ ആക്രമണത്തില്‍ 5,000-ത്തോളം റോക്കറ്റുകള്‍ തൊടുത്തുവിട്ടിട്ടുണ്ടെന്നാണ് പരസ്യ പ്രസ്താവനയില്‍ ഹമാസ് അറിയിച്ചിരിക്കുന്നത്.