സമയപരിധി അവസാനിക്കുന്നു; 2000 രൂപ നോട്ട് ബാങ്കിലൂടെ മാറ്റാന്‍ ഇന്നൊരു ദിവസം മാത്രം

Share

ഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടുകള്‍ ബാങ്കുകളിലൂടെ മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് (2023 ഒക്ടോബര്‍ 7) അവസാനിക്കും. നാളെ (2023 ഒക്ടോബര്‍ 8) മുതല്‍ ബാങ്ക് ബ്രാഞ്ചുകളിലൂടെ 2000 രൂപയുടെ നോട്ടുകള്‍ മാറ്റാന്‍ കഴിയില്ല. എന്നാല്‍ നാളെ മുതല്‍ രാജ്യത്തുടനീളമുള്ള റിസര്‍വ് ബാങ്കിന്റെ 19 കേന്ദ്രങ്ങളിലൂടെ ഒറ്റത്തവണ 20,000 രൂപ വരെ മാറ്റിയെടുക്കാന്‍ കഴിയും. തുകയ്ക്ക് പരിധിയില്ലാതെ 2000 രൂപ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാനും കഴിയും. അഹമ്മദാബാദ്, ബംഗളുരു, ബേലാപൂര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കാണ്‍പൂര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂര്‍, ന്യൂഡല്‍ഹി, പട്ന, തിരുവനന്തപുരം എന്നിവ ഉള്‍പ്പെടുന്ന 19 ആര്‍ബിഐ കേന്ദ്രങ്ങളിലൂടെയാണ് നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരം.

രാജ്യത്തുള്ളവര്‍ക്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനായി ഇന്ത്യ പോസ്റ്റ് വഴിയും ആര്‍.ബി.ഐ-യുടെ കേന്ദ്രങ്ങളിലേക്ക് 2000 രൂപ നോട്ടുകള്‍ അയയ്ക്കാമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. കൂടാതെ കേസാവശ്യങ്ങള്‍ക്ക് കോടതിക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വകുപ്പുകള്‍ക്കും എപ്പോള്‍ വേണമെങ്കിലും എത്ര തുകയും മാറ്റിയെടുക്കാം. വിദേശത്തുള്ള ഇന്ത്യക്കാരുടെ സൗകര്യം കൂടി പരിഗണിച്ചാണ് സമയം നീട്ടി നല്‍കിയത്. 2023 മേയ് 19-നാണ് ക്ലീന്‍ നോട്ട് നയത്തിന്റെ ഭാഗമായി 2,000 രൂപ നോട്ട് റിസര്‍വ് ബാങ്ക് പിന്‍വലിച്ചത്. 2023 സെപ്തംബര്‍ ഒന്നുവരെ 3.32 ലക്ഷം കോടി അതായത് പ്രചാരത്തിലുണ്ടായിരുന്ന കറന്‍സിയുടെ ഏഴ് ശതമാനം രൂപയുടെ 2000 നോട്ടുകളാണ് ബാങ്കുകളില്‍ തിരിച്ചെത്തിയത്. 2016-ലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ രാജ്യത്തുണ്ടായ കറന്‍സി ക്ഷാമം പരിഹരിക്കാനാണ് 2000 രൂപയുടെ നോട്ട് അവതരിപ്പിച്ചത്. 500, 200, 100 നോട്ടുകളുടെ ലഭ്യതയും ഓണ്‍ലൈന്‍ ഇടപാടുകളും കൂടിയതോടെയാണ് 2000 നോട്ടിന്റെ അച്ചടി നിര്‍ത്തിയത്.