രോഗികള്‍ കൂട്ടത്തോടെ മരിക്കുന്നു; അന്വേഷണത്തിന് പ്രത്യേക സംഘം

Share

ഡല്‍ഹി: പ്രതിഷേധം തുടരുന്നതിനിടെ മഹാരാഷ്ട്രയിലെ ശങ്കര്‍ റാവു ചവാന്‍ ആശുപത്രിയില്‍ ഏഴ് രോഗികള്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. ഇതോടെ രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 31-ലേക്ക് ഉയര്‍ന്നു. ആശുപത്രിയില്‍ മരുന്ന് ക്ഷാമം ഇല്ലെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. നന്ദേഡയിലെ ശങ്കര്‍ റാവു ചവാന്‍ ആശുപത്രിയിലാണ് നാടിനെ നടുക്കിയ സംഭവം. 16 നവജാത ശിശുക്കള്‍ അടക്കം 31 പേര്‍ക്കാണ് രണ്ട് ദിവസത്തിനിടെ ജീവന്‍ നഷ്ടമായത്. മരുന്നുകളുടെ അഭാവും ജീവനക്കാര്‍ ഇല്ലാത്തതുമാണ് പ്രതിസന്ധി എന്ന് ഇന്നലെ പറഞ്ഞ ആശുപത്രി അധികൃതര്‍ സംഭവം വിവാദമായതിന് പിന്നാലെ നിലപാട് മാറ്റി. മരുന്നുകളുടെ കുറവ് ഉണ്ടായിരുന്നില്ല എന്നും ആശുപത്രിയില്‍ എത്തിയ രോഗികള്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്നു എന്നുമാണ് അധികൃതരുടെ പുതിയ വിശദീകരണം. രോഗികള്‍ക്ക് കൃത്യമായ പരിചരണം നല്‍കി. അവരുടെ ശരീരം മരുന്നുകളോട് പ്രതികരിച്ചില്ല എന്ന് ആശുപത്രി ഡീന്‍ പറഞ്ഞു. മരുന്നിന്റെയോ ഡോക്ടര്‍മാരുടെയോ ക്ഷാമം ഇല്ലായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചതായും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും ആരോഗ്യ മന്ത്രി ഹസന്‍ മുഷ്രിഫ് അറിയിച്ചു. സംഭവത്തില്‍ ആശുപത്രിക്കും മഹാരാഷ്ട്ര സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷത്തിന് ഭാഗത്ത് നിന്നും ഉയരുന്നത്.