നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ ‘പ്രവാസി നിക്ഷേപ സംഗമം-2023’; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Share

തിരുവനന്തപുരം: കേരളത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ള പ്രവാസി മലയാളികള്‍ക്ക് വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ നോര്‍ക്ക നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നു. പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ബിഎഫ്സി) ആഭിമുഖ്യത്തിലാണ് ‘പ്രവാസി നിക്ഷേപ സംഗമം- 2023’ നടത്തുന്നത്. 2023 നവംബറില്‍ എറണാകുളത്ത് വച്ചാണ് നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നത്. നിലവില്‍ സംരഭങ്ങള്‍ ആരംഭിച്ചവര്‍ക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും അവസരമുണ്ടാകും. ആവശ്യമായ മൂലധനം ലഭ്യമാകാത്തതിനാല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയാത്തവര്‍ക്ക് ബിസിനസ്സ് ആശയം നിക്ഷേപകര്‍ക്ക് മുമ്പാകെ അവതരിപ്പിക്കാനും വേദിയുണ്ട്. പങ്കെടുക്കാന്‍ താല്‍പര്യമുള്ള നിക്ഷേപകരും സംരഭകരും 2023 ഒക്ടോബര്‍ 15-നു മുമ്പായി എന്‍.ബി.എഫ്.സി-യില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനായി 0471-2770534, 8592958677 എന്നീ നമ്പറുകളിലോ nbfc.norka@kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ nbfc.coordinator@gmail.com എന്ന ഇ-മെയിലിലൂടെയോ ബന്ധപ്പെടാവുന്നതാണ്. പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററിലാണ് നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചു വരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളുമായി ബന്ധപ്പെടാം. ഇന്ത്യയില്‍ നിന്നാണെങ്കില്‍ 1800 425 3939 എന്ന നമ്പറിലേക്കും വിദേശത്തുനിന്നാണെങ്കില്‍ +91-880 2012 345 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. സംഗമത്തിന്റെ തീയതിയും വേദിയും പിന്നീട് അറിയിക്കുമെന്ന് നോര്‍ക്ക വ്യക്തമാക്കി.