സഹകരണ ബാങ്കുകളിലെ കള്ളപ്പണം വെളുപ്പിക്കല്‍; തൃശൂരിലും എറണാകുളത്തും റെയിഡ്

Share

തൃശൂര്‍: സഹകരണ ബാങ്കുകളിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് തൃശൂരിലെയും എറണാകുളത്തെയും വിവിധ ശാഖകളിലും കേന്ദ്രീകരിച്ചും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. തൃശൂരില്‍ എട്ടിടത്തും, എറണാകുളം ജില്ലയില്‍ ഒരു സ്ഥലത്തും ഇഡി പരിശോധന തുടരുകയാണ്. അയ്യന്തോള്‍, കുട്ടനെല്ലൂര്‍, അരണാട്ടുകര, പെരിങ്ങണ്ടൂര്‍, പാട്ടുരായ്ക്കല്‍ തുടങ്ങിയ സഹകരണ ബാങ്കുകളിലും എറണാകുളത്ത് ദീപക് എന്ന വ്യവസായിയുടെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നേരത്തെ അറസ്റ്റിലായ കിരണിന്റെ സുഹൃത്താണ് ദീപക്ക് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഏകദേശം 5.2 കോടി രൂപ ഇയാള്‍ക്ക് കരുവന്നൂര്‍ ബാങ്കില്‍ നിന്നും ലഭിച്ചതായി ഇ.ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്.

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തൃശൂര്‍ കോലഴിയിലെ സ്ഥിരതാമസക്കാരനും കണ്ണൂര്‍ സ്വദേശിയുമായ പി. സതീഷ്‌കുമാര്‍ കള്ളപ്പണം വെളുപ്പിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ റെയ്ഡ് നടത്തുന്നത്. സി.പി.എം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണനാണ് ഈ ബാങ്കിന്റെ പ്രസിഡന്റ് കണ്ണന്റെ സാന്നിദ്ധ്യത്തിലാണ് ഇ ഡി പരിശോധന നടത്തുന്നത്.

അതേസമയം സി.പി.എം നേതാവും മുന്‍ മന്ത്രിയും നിലവില്‍ കുന്ദംകുളം എം.എല്‍.എ-യുമായ എ.സി മൊയ്തീന്‍ ചോദ്യം ചെയ്യലിനായി നാളെ വീണ്ടും ഇ.ഡിക്ക് മുന്നില്‍ ഹാജരാവും. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 300 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് ഇ.ഡി അന്വേഷണത്തിലെ പാഥമിക കണ്ടെത്തല്‍. എ.സി മൊയ്തീനെ കൂടാതെ സി.പി.എം-ലെ രണ്ട് പ്രമുഖ നേതാക്കള്‍ക്കുകൂടി കേസില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ പത്തോളം സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ അന്വേഷണ പരിധിയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.