മുന്‍സിപ്പല്‍ നിയമലംഘനങ്ങള്‍ക്ക് പിഴ ഇളവുമായി ഷാര്‍ജ; സെപ്തംബര്‍ 5 വരെയുള്ള പിഴകള്‍ക്ക് ബാധകം

Share

ഷാര്‍ജ: ഷാർജ എമിറേറ്റില്‍ കണ്ടെത്തിയ മുനിസിപ്പല്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് നല്‍കാന്‍ ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനം. അടുത്ത 90 ദിവസത്തിനുള്ളില്‍ പണം അടയ്ക്കുകയാണെങ്കില്‍ പിഴത്തുകയുടെ 50 ശതമാനം നല്‍കിയാല്‍ മതിയാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇന്നലെ 2023 സപ്തംബര്‍ അഞ്ച് വരെ ചുമത്തിയ എല്ലാവിധ മുനിസിപ്പല്‍ പിഴകള്‍ക്കും നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇളവ് ബാധകമായിരിക്കും. ഷാര്‍ജ എമിറേില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് മാത്രമായിരിക്കും ഈ ഇളവ് ലഭിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ ഷാര്‍ജയില്‍ പ്രകൃതിക്ഷോഭത്തില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചെങ്കില്‍ വീട്ടുടമകള്‍ക്ക് തതുല്യമായ നഷ്ടപരിഹാരം നല്‍കാനും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചു. ഷാര്‍ജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയും ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഷാര്‍ജയിലെ കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് താഴേക്ക് വീണുള്ള അപകടങ്ങളൊഴിവാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തി ബോധവല്‍ക്കരണം നടത്തുന്ന കാംപയിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് കൗന്‍സില്‍ വിലയിരുത്തി. പ്രധാനമായും ബഹുനില കെട്ടിടങ്ങളുടെ ബാല്‍ക്കണിയില്‍ നിന്നും തുറന്നിട്ട ജനാലകളില്‍ നിന്നും കുട്ടികള്‍ താഴേക്ക് വീണുണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിനാണ് ബോധവല്‍ക്കരണ ക്യാംപയിന്‍. ഷാര്‍ജ സിവില്‍ ഡിഫന്‍സ്, പോലീസ്, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായാണ് പ്രചാരണം നടത്തുന്നത്.