പുതുപ്പള്ളി വിധിയെഴുതി; 2021-ലെ പോളിംഗ് ശതമാനം മറികടക്കാന്‍ സാധ്യത

Share

കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടന്ന പുതുപ്പള്ളി മണ്ഡലത്തിലെ പോളിംഗ് സമയം അവസാനിച്ചു. വോട്ട് രേഖപ്പെടുത്താനുള്ള അവസാന സമയമായ വൈകിട്ട് ആറ് മണിക്ക് ശേഷവും പല ബൂത്തുകളിലും ക്യൂ തുടര്‍ന്നു. ആറ് മണിക്ക് മുമ്പായി വോട്ട് ചെയ്യാന്‍ വരിയില്‍ സ്ഥാനം പിടിച്ച എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74.84 ശതമാനം എന്ന പോളിംഗ് ഇത്തവണ പുതുപ്പള്ളി മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികളെല്ലാം. അന്തിമ പോളിംഗ് കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 76 ശതമാനം വരെ എത്തിയേക്കാമെന്നാണ് വിലയിരുത്തല്‍. ആവേശത്തോടെയുള്ള പോളിംഗിനാണ് പുതുപ്പള്ളി മണ്ഡലം സാക്ഷ്യം വഹിച്ചത്. പോളിംഗ് തുടങ്ങിയ പുലര്‍ച്ചെ ഏഴ് മുതല്‍ കനത്ത തിരക്കായിരുന്നു ബൂത്തുകളില്‍ അനുഭവപ്പെട്ടത്.

ഉച്ചയോടെ മഴയെത്തിയതും പോളിംഗ് മന്ദഗതിയിലാക്കിയില്ല. പാമ്പാടി, പുതുപ്പള്ളി, മണര്‍കാട്, അയര്‍ക്കുന്നം ഭാഗങ്ങളിലെല്ലാം ഭേദപ്പെട്ട മഴ പെയ്തു. മണ്ഡലത്തിലെ കനത്ത പോളിംഗ് മികച്ച ഭൂരിപക്ഷം നല്‍കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. പുതിയ പുതുപ്പള്ളിയുടെ ചരിത്ര ദിനമാണെന്ന് ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പ്രതികരിച്ചു. ഇടതു പ്രചാരണം ഏശിയില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും പ്രതികരിച്ചു. ചര്‍ച്ചയായത് വികസനമെന്നായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാലിന്റെ പ്രതികരണം. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം മണ്ഡലത്തില്‍ 1,76,417 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. ഈ മാസം 8-നാണ് വോട്ടെണ്ണല്‍.