പുതുപ്പള്ളി വിധിയെഴുതുന്നു; 9-ാം മണിക്കൂറിലും മികച്ച പോളിംഗ്

Share

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ ആദ്യ 9-ാം മണിക്കൂറില്‍ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്. ഇതുവരെ 65 ശതമാനമനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയതായാണ് ഔദ്യോഗിക സ്ഥിരീകരണം. മിക്ക പോളിംഗ് ബൂത്തുകളിലും രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ്. പോളിംഗ് യന്ത്രം തകരാറിലായതോടെ ചിലയിടങ്ങളില്‍ വോട്ടിംഗ് അല്‍പസമയം തടസപ്പെട്ടു. പാമ്പാടി പഞ്ചായത്തിലെ 95-ാം നമ്പര്‍ ബൂത്തിലും വാകത്താനത്തെ 163-ാം നമ്പര്‍ ബൂത്തിലുമാണ് തകരാര്‍ നേരിട്ടത്. ഉടനെ പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് തുടരുന്നു. എന്നാല്‍ പത്താം നമ്പര്‍ ബൂത്തായ അയര്‍ക്കുന്നം സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ അരമണിക്കൂറോളം താമസിച്ചാണ് വോട്ടെടുപ്പ് തുടങ്ങാനായത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വോട്ട് രേഖപ്പെടുത്തി. പുതുപ്പള്ളി പഞ്ചായത്തിലെ 126-ാം നമ്പര്‍ ബൂത്തില്‍, ജോര്‍ജിയന്‍ സ്‌കൂളിലാണ് അദ്ദേഹം വോട്ട് ചെയ്തത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ചാണ്ടി വോട്ട് ചെയ്യാന്‍ എത്തിയത്. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാരായ മറിയ ഉമ്മനും അച്ചു ഉമ്മനും അദ്ദേഹത്തിനൊപ്പം എത്തിയിരുന്നു. ഇടത് സ്ഥാനാര്‍ഥിയായ ജെയ്ക് സി. തോമസ് വോട്ട് രാവിലെ തന്നെ രേഖപ്പെടുത്തിയിരുന്നു. മണര്‍കാട് കണയാംകുന്ന് യുപി സ്‌കൂളിലാണ് അദ്ദേഹം വോട്ട് ചെയ്തത്. എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാല്‍ പുതുപ്പള്ളിയില്‍ വോട്ടില്ല. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടി മരിച്ചതിന്റെ അമ്പതാം നാള്‍ ആണ് പുതുപ്പള്ളിയി തെരഞ്ഞെടുപ്പ് നടക്കുന്നത്.

കേരള നിയമസഭയുടെ ചരിത്രത്തിലെ 66-ാം ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയില്‍ നടക്കുന്നത്. ഇന്ന് രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം മണ്ഡലത്തില്‍ 1,76,417 വോട്ടര്‍മാരാണുള്ളത്. വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ആകെയുള്ളത് 182 ബൂത്തുകള്‍. 182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പോളിങ് അവസാനിക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടിക്രമങ്ങള്‍ കളക്ട്രേറ്റിലെ കണ്‍ട്രോള്‍ റൂമിലൂടെ തത്സമയം അറിയാന്‍ കവിയും. ഉമ്മന്‍ചാണ്ടിയുടെ വിയോഗ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളുള്‍പ്പെടെ ആകെ ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.