ബി.ജെ.പിക്ക് 6000 കോടിയിലധികം ആസ്തി; മറ്റ് പാര്‍ട്ടികളുടെ ആസ്തി ആയിരത്തിന് താഴെ

Share

ഡല്‍ഹി: ഇന്ത്യയിലെ പ്രബലരായ  രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തി എത്രയാണെന്ന് അറിയാമോ? അറിയില്ലെങ്കില്‍ കേട്ടോളൂ.. 2021- 22 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം എട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ ആകെ ആസ്തി 8,829.16 കോടി രൂപയാണ്. ബിജെപി, കോണ്‍ഗ്രസ്, എന്‍സിപി, ബിഎസ്പി, സിപിഐ, സിപിഐഎം, തൃണമൂല്‍ കോണ്‍ഗ്രസ്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നീ സംഘടനകളുടെ ആസ്തിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2020-2021 വര്‍ഷത്തില്‍ ഇത് 7,297.62 കോടി രൂപയായിരുന്നു. അതായത് ഒരു വര്‍ഷത്തിനുള്ളില്‍ 1500 കോടിയിലധികം രൂപയുടെ അധിക ആസ്തിയാണ് എട്ട് പാര്‍ട്ടികളും കൈവശപ്പെടുത്തിയത്. ഇതില്‍ സിംഹഭാഗവും കൈവശം വച്ചിരിക്കുന്നത് ബി.ജെ.പി എന്നതാണ് കൗതുകം. അതായത് ആകെ ആസ്തിയായ 8,829.16 കോടിയില്‍ 6,046.81 കോടി രൂപ ആസ്തിയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി-ക്കുള്ളത്.

കോണ്‍ഗ്രസ് അടക്കമുള്ള മറ്റ്  7 പാര്‍ട്ടികളുടെ കൈവശമുള്ളത് 2782.35 കോടി മാത്രമാണ്. ഭരണ പാര്‍ട്ടിയായ ബി.ജെ.പി-യുടെ സാമ്പത്തിക അടിത്തറ എത്രത്തോളം ഭദ്രമാണെന്ന് നോക്കൂ..എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും വേരോട്ടമുള്ള ദീര്‍ഘകാലം ഇന്ത്യ ഭരിച്ച നിലവില്‍ നാലോളം സംസ്ഥാനങ്ങളില്‍ ഭരണമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൈയിലുള്ളത് കേവലം 763.73 കോടി രൂപയാണ്. അതേസമയം ത്രിപുരയിലും ബംഗാളിലും ഭരണം നഷ്ടപ്പെടുകയും നിലവില്‍ കേരളത്തില്‍ മാത്രം ഭരണത്തിലുള്ള സി.പി.എമ്മിന്റെ ആസ്തി കോണ്‍ഗ്രസിനോട് കിടപിടിക്കുന്നതാണ്. ദേശീയ തലത്തില്‍ സി.പി.എമ്മിനുള്ള ആകെ ആസ്തി 723.56 കോടി രൂപയാണ്. കോണ്‍ഗ്രസുമായി താരതമ്യം ചെയ്യുമ്പോള്‍ വെറും 40 കോടി രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്. ഭരണമില്ലെങ്കിലും സി.പി.എമ്മിന്റെ സാമ്പത്തിക അടിത്തറ ഭദ്രമെന്ന് സാരം.

തൊട്ടു പിന്നില്‍ മായാവതിയുടെ ബി.എസ്.പി പാര്‍ട്ടിയാണ്. 690.71 കോടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബി.എസ്.പി-യുടെ ആസ്തിയില്‍ കുറവു വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് ആകെയുള്ളത് 458.10 കോടി രൂപയാണ്. തൃണമൂലിന്റെ ആസ്തി 2020-21-ല്‍ 182 കോടിയായിരുന്നു. അതില്‍ നിന്നാണ് 458.10 കോടിയിലേക്കുയര്‍ന്നത്. 15.67 കോടി രൂപ സിപിഐ-ക്കും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 1.82 കോടി രൂപയുമാണ് ആസ്തിയുള്ളത്. തിരഞ്ഞെടുപ്പ് പരിഷ്‌കരണ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് വിവിധ പാര്‍ട്ടികളുടെ പ്രഖ്യാപിത ആസ്തി പുറത്തുവിട്ടിരിക്കുന്നത്.