അടിയും തടയുമായി നേതാക്കള്‍; സി.പി.എം ചോദിച്ചു-മറുപടി നല്‍കി കുഴല്‍നാടന്‍

Share
  1. കോട്ടയം: തിരുവനന്തപുരത്ത് സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന എ.കെ.ജി സെന്റര്‍ പട്ടയഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഭൂനിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ സംസ്ഥാനത്തെ ഏറ്റവും വലിയ നിര്‍മിതിയാണ് എകെജി സെന്ററെന്നും വാര്‍ത്താസമ്മേളനത്തില്‍ കുഴല്‍നാടന്‍ ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉന്നയിച്ച ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പുകമറ സൃഷ്ടിക്കാനാണ് ഗോവിന്ദന്റെ ശ്രമമെന്നും ഭൂനിയമം ലംഘിച്ചത് സിപിഎം ആണെന്നും ലൈസന്‍സ് പ്രകാരമാണ് താന്‍ ഹോം സ്റ്റേ നടത്തിയതെന്നും കുഴല്‍നാടന്‍ മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് പ്രതിരോധം തീര്‍ക്കാനാണ് തനിക്കെതിരെ സിപിഎം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിനും വരവില്‍ കവിഞ്ഞ സ്വത്തില്ലേ എന്നും അങ്ങനെയില്ലെന്ന് പറയാനുള്ള ആര്‍ജവം എം.വി ഗോവിന്ദനുണ്ടോ എന്നും കുഴല്‍നാടന്‍ ചോദിച്ചു.

എം.വി. ഗോവിന്ദന്റെ 7 ചോദ്യങ്ങും അതിനുള്ള മാത്യു കുഴല്‍നാടന്റെ മറുപടിയും…

1. ചോദ്യം: ചിന്നക്കനാലില്‍ വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തിയതിന് വിശദീകരണം നല്‍കുമോ?
മറുപടി: ചിന്നക്കനാലില്‍ ഭൂമി വാങ്ങിയതില്‍ നികുതി വെട്ടിപ്പില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് മൂല്യം കൂട്ടി കാണിച്ചത്.

2. ചോദ്യം: സ്വകാര്യഭൂമി അനധികൃതമായി മണ്ണിട്ട് നികത്തിയതെങ്ങനെ?
മറുപടി: ഭൂമി മണ്ണിട്ട് ക്രമവിരുദ്ധമായി നികത്തിയില്ലെന്നത് ദൃശ്യങ്ങള്‍ സഹിതം തെളിയിച്ചിരുന്നു.

3. ചോദ്യം: ഭൂനിയമം ലംഘിച്ച് റിസോര്‍ട്ട് നടത്തിയത് വിശദീകരിക്കുമോ?
മറുപടി: ചിന്നക്കനാലിലെ ഹോം സ്റ്റേ ലൈസന്‍സ് പ്രകാരം.

4. ചോദ്യം: വ്യാവസായിക അടിസ്ഥാനത്തില്‍ റിസോര്‍ട്ട് നടത്തിയ ശേഷം സ്വകാര്യ ഗസ്റ്റ് ഹൗസാണെന്ന് കള്ളം പറഞ്ഞതെന്തിന്?
മറുപടി: പാര്‍പ്പിട ആവശ്യത്തിനു പണിത കെട്ടിടമാണ് ചിന്നക്കനാലിലേത്, നിയമലംഘനമില്ല.

5. ചോദ്യം: അഭിഭാഷക വൃത്തിയോടൊപ്പം ബിസിനസ് നടത്തിയത് എന്തിന?
മറുപടി: അഭിഭാഷക വൃത്തിക്കൊപ്പം ബിസിനസ് ചെയ്തിട്ടില്ല.

6. ചോദ്യം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെങ്ങനെ?
മറുപടി: വരവില്‍ കവിഞ്ഞ സ്വത്തില്ല. എം.വി. ഗോവിന്ദന് നേരിട്ട് പരിശോധിക്കാം.

7. ചോദ്യം: ഒമ്പത് കോടിയുടെ വിദേശ നിക്ഷേപത്തില്‍ ‘ഫെമ’ നിയമലംഘനം ഉണ്ടായിട്ടുണ്ടോ?
മറുപടി: ‘ഫെമ’ നിയമം ലംഘിച്ചിട്ടില്ല.