സുല്‍ത്താന്‍ അല്‍ നെയാദി ഭൂമിയിലേക്ക്; ആകാംക്ഷയോടെ യു.എ.ഇ-യും ശാസ്ത്ര ലോകവും

Share

ദുബായ്: അന്താരാഷ്ട്ര ബഹിരാകാശ യാത്രയിലുള്ള യു.എ.ഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി 2023 സെപ്റ്റംബര്‍ മൂന്ന് ഞായറാഴ്ച ഭൂമിയില്‍ തിരിച്ചെത്തും. ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ ദിനങ്ങള്‍ താമസിച്ച യുഎഇ ബഹിരാകാശ സഞ്ചാരിയെന്ന ബഹുമതിയുമായാണ് സുല്‍ത്താന്‍ അല്‍ നെയാദി തന്റെ ആറ് മാസത്തെ വിജയ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നത്. നെയാദി ഉള്‍പ്പെടെ ആറ് പേരാണ് ബഹിരാകാശ പേടകത്തിലുള്ളത്. ഇവര്‍ അമേരിക്കയിലെ ഫ്ലോറിഡ തീരത്തായിരിക്കും തിരിച്ചെത്തുകയെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്ന്ത്. ഇതുസംബന്ധിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഓഗസ്റ്റ് 31 വ്യാഴാഴ്ച ഇവര്‍ ഭൂമിയില്‍ തിരിച്ചെത്തുമെന്നാണ് നേരത്തേ പ്രതീക്ഷിച്ചിരുന്നത്. ബഹിരാകാശത്ത് 200-ലധികം ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തിയാണ് നെയാദി മടങ്ങുന്നത്. അല്‍ നെയാദിയുടെ രക്ത സാമ്പിളുകള്‍ പരിശോധിച്ച് ബഹിരാകാശ ജീവിതത്തോട് അദ്ദേഹത്തിന്റെ നിലവിലെ ശാരീരിക പ്രതിരോധ സംവിധാനം എങ്ങനെ പ്രതികരിച്ചുവെന്ന് കണ്ടെത്തുന്നതാണ് പരീക്ഷണങ്ങളില്‍ പ്രധാനം.

ഒട്ടേറെ പ്രത്യേകതകളും ബഹുമതികളുമായാണ് സുല്‍ത്താന്‍ അല്‍ നെയാദിയുടെ മടക്ക സഞ്ചാരം. ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ ആദ്യ അറബ് വംശജന്‍, ബഹിരാകാശത്ത് ഏറ്റവുമധികം ദിവസം താമസിച്ച അറബ് ലോകത്തെ ആദ്യ യാത്രികന്‍ തുടങ്ങിയ ചരിത്രനേട്ടങ്ങള്‍ ഇനിമുതല്‍ സുല്‍ത്താന്‍ അല്‍നെയാദിക്ക് സ്വന്തമാകും. നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള ശാരീരിക ഒരുക്കങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ നെയാദി രണ്ടാഴ്ച മുമ്പ് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ബഹിരാകാശ യാത്ര മനുഷ്യരെ ശാരീരികമായും മാനസികമായും എങ്ങനെ സ്വാധീനിക്കുന്നുവെന്നും ബഹിരാകാശത്തെ ജീവിതം ഭൂമിയിലെ ജീവിതവുമായി പൊരുത്തപ്പെടാന്‍ എന്താണ് മാര്‍ഗം അതിനുള്ള നിര്‍ദ്ദേശങ്ങളെല്ലാം അല്‍ നെയാദി പുതിയ വീഡിയോയില്‍ പങ്കുവയ്ക്കുകയുണ്ടായി.