നമ്മള്‍ ആരോട് പറയും? ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ ഇടപെടാനാകില്ലെന്ന് വി.മുരളീധരന്‍

Share

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്നും പ്രത്യേകിച്ച് ഓണം പോലുള്ള ഉല്‍സവ സീസണ്‍ സമയങ്ങളില്‍ കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വിമാന കമ്പനികള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ആയതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരിന് ഈ വിഷയത്തില്‍ ഇടപെടുന്നതില്‍ ചില പരിമിതികളുണ്ടെന്ന് കേന്ദ്ര വിശേകാര്യ സഹമന്ത്രി വി.മുരളീധരന്‍ വ്യക്തമാക്കി. കുവൈത്തില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ വേളയിൽ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം പരിമിതികളുണ്ടെങ്കിലും പ്രവാസികളെ ബാധിക്കുന്ന ഗൗരവമേറിയ വിഷയമായതിനാല്‍ വിദേശകാര്യ വകുപ്പിന് എത്രത്തോളം ഇടപെടാനാകുമെന്ന് ആലോചിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. ക്രമാതീതമായ ഉയരുന്ന വിമാന ടിക്കറ്റ്  നിരക്കിൽ ഇടപെടാനാകില്ലെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. അതേസമയം കേരളത്തിലേക്കും തിരിച്ചുമുള്ള ഉയര്‍ന്ന ടിക്കറ്റ് ചാര്‍ജ് കാരണം പ്രവാസികള്‍ ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. ദുബായില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ഇനി മൂന്നു ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. കുട്ടികളുമായി അവധി ആഘോഷിക്കാന്‍ പോയ നിരവധി പ്രവാസികള്‍ക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കാരണം ദുബായിലേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.