ചോദ്യം ചെയ്യലിന് ഹാജരാകണം; എ.സി മൊയ്തീന് നോട്ടീസ് നല്‍കി ഇ.ഡി

Share

തൃശൂര്‍: വിവാദമായ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും എം.എല്‍.എ-യുമായ എ.സി മൊയ്തീന് ഇ.ഡി നോട്ടീസ്. ഈ മാസം 31-ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബാങ്കില്‍ നടന്ന കോടികളുടെ ബിനാമി ഇടപാടില്‍ എ.സി മൊയ്തീന് പങ്കുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള 28 ലക്ഷം രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ കഴിഞ്ഞ ദിവസം ഇഡി ഇടപെട്ട് മരവിപ്പിച്ചിരുന്നു. മൊയ്തീന്റെ തൃശൂരിലെ വീട്ടിലെ റെയ്ഡില്‍ ലഭിച്ച രേഖകള്‍ പ്രകാരമാണ് ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തത്. സി.പി.എം തൃശൂര്‍ ജില്ലാ നേതാക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് ഇ.ഡി കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബിനാമികളായ നാലു പേരുടെ വീടുകളില്‍ നിന്ന് 15 കോടി രൂപ വിലമതിക്കുന്ന 36 വസ്തുവകകളുടെ രേഖകളും ഇഡി പിടിച്ചെടുത്തു. ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിയായ എ.കെ ബിജോയിയുടെ 30 കോടിയുടെ സ്വത്തുക്കള്‍ നേരത്തെ കണ്ടുകെട്ടിയിരുന്നു.

അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നടപടിക്രമം പാലിക്കാതെ വായ്പ നല്‍കിയത് 52 പേര്‍ക്കെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിലൂടെ മാത്രം ബാങ്കിന് 215 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് റിപ്പോര്‍ട്ടിലുണ്ട്. സിപിഎം സംസ്ഥാന സമിതി അംഗവും എം.എല്‍.എ-യുമായ എ.സി.മൊയ്തീന്റെ ബന്ധുവെന്ന് ആരോപണമുയര്‍ന്ന ബിജു കരീം മാത്രം തട്ടിയെടുത്തത് 23.21 കോടി രൂപയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 52 പേര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതില്‍ അഞ്ച് പേരെ മാത്രമാണ് ക്രൈംബ്രാഞ്ച് കേസില്‍ പ്രതിചേര്‍ത്തത്. ബെനാമി ഇടപാടുകള്‍ സംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നില്ല. എ.സി മൊയ്തീനെതിരെയും കൂട്ടാളികള്‍ക്കെതിരെയും ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളാണ് ഇഡി-യുടെ അന്വേഷണത്തിലൂടെ പുറത്തുവരുന്നത്.