ഫുട്‌ബോള്‍ ലീഗ്; ആവേശം അതിരുവിട്ടാല്‍ കടുത്ത ശിക്ഷയെന്ന് ദുബായ് പോലീസ്

Share

ദുബായ്: യുഎഇ-യില്‍ ഇന്ന് നടക്കുന്ന പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗുമായി ബന്ധപ്പെട്ട് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. കളി നടക്കുന്ന സമയം കളിക്കളത്തിലിറങ്ങുകയോ അക്രമാസക്തമാവുകയോ ചെയ്താല്‍ വന്‍ തുക പിഴ ഒടുക്കേണ്ടിവരുമെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 30,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് പോലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മാത്രമല്ല ഒന്ന് മുതല്‍ മൂന്ന് മാസം വരെ തടവും ശിക്ഷ ലഭിച്ചേക്കാമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് ആരാധകര്‍ പാലിക്കേണ്ട നിയമങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ റാഷിദ് ഖലീഫ അല്‍ ഫലാസി പുറത്തുവിട്ടു.

കാണികള്‍ കളിക്കളത്തിലോ സ്പോര്‍ട്സ് ഇവന്റ് മേഖലയിലോ അനുവാദമില്ലാത്ത മറ്റ് ഭാഗങ്ങളിലോ പ്രവേശിക്കരുതെന്നും മൂര്‍ച്ചയുള്ള വസ്തുക്കളും മറ്റ് ആയുധങ്ങളും സ്റ്റേഡിയത്തിനുള്ളില്‍ അനുവദിക്കില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കളി കാണാനെത്തുന്നവര്‍ സ്‌ഫോടന സാധ്യതയുള്ള പടക്കങ്ങളോ അപകടകരമായ വസ്തുക്കളോ നിരോധിത ഉല്‍പന്നങ്ങളോ കൊണ്ടുവരാന്‍ പാടില്ലെന്നും ഗാലറിയില്‍ അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം ഇരിക്കാന്‍ തയ്യാറാകണമെന്നും ദുബായ് പോലീസ് വ്യക്തമാക്കി. കളിയുടെ ആവേശത്തില്‍ ഏതെങ്കിലും തരത്തിലുള്ള സാധനങ്ങളോ ദ്രാവകങ്ങളോ ഗ്രൗണ്ടിലേക്ക് വലിച്ചെറിയരുതെന്നും മുന്നറിയിപ്പിലുണ്ട്. ഗാലറിയില്‍ അസഭ്യമായ ഭാഷ എഴുതുകയോ സംസാരിക്കുകയോ ചെയ്യുക, സഭ്യമല്ലാത്ത ആംഗ്യക ചേഷ്ടകൾ കാണിക്കുക,  വംശീയ അഭിപ്രായങ്ങളും രാഷ്ട്രീയ മുദ്രാവാക്യങ്ങളും വിളിക്കുക തുടങ്ങിയ പ്രവണതകള്‍ കുറ്റകരമാണെന്നും ഇത്തരം സംഭവങ്ങളിലും പിഴയും തടവുമായിരിക്കും ശിക്ഷയെന്ന് അധികൃതര്‍ വ്യക്തമാക്കി.