ഉയര്‍ന്ന വിനിമയ നിരക്ക്; നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല അവസരം

Share

ദുബായ്: 2023 ആഗസ്റ്റ് മാസത്തില്‍ യു.എ.ഇ-യില്‍ നിന്നും നാട്ടിലേക്കുള്ള പണമയയ്ക്കലില്‍ വന്‍ വര്‍ധന. ഇന്ത്യയിലേക്ക് മാത്രമല്ല പാകിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലേക്കുള്ള പണമയയ്ക്കലിലും ഗണ്യമായ വര്‍ധന രേഖപ്പെടുത്തിയതായി വിവിധ എക്‌സ്‌ചേഞ്ചുകള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ദിര്‍ഹത്തിനെതിരെ ഇന്ത്യ-പാകിസ്ഥാന്‍-ഫിലിപ്പന്‍സ് എന്നീ രാജ്യങ്ങളിലെ കറന്‍സി മൂല്യത്തിലുണ്ടായ ഇടിവാണ് പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ പ്രചോദനമാകുന്നത്. ഇന്ത്യയിലേക്കും ഫിലിപ്പന്‍സിലേക്കുമുള്ള പണമിടപാടില്‍ മുന്‍ മാസങ്ങളെ അപേക്ഷിച്ച് 10 ശതമാനത്തിലധികം വര്‍ദ്ധനയാണ് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. യു.എ.ഇ-യിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ നാട്ടിലേക്ക് പണമയക്കാനുള്ള ഏറ്റവും നല്ല സമയമാണെന്നാണ് വിലയിരുത്തല്‍.

ആഗോളതലത്തില്‍ ഡോളര്‍ മൂല്യം ഉയരുന്നതും ചൈനീസ് യുവാന്‍ ദുര്‍ബലമായതുമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കുള്ള പ്രധാന കാരണം. നിലവിലെ സാഹചര്യത്തില്‍ യുഎഇ-യില്‍ നിന്നും നാട്ടിലേക്കുള്ള പണമയയ്ക്കല്‍ തോത് ഇനിയും കുതിച്ചുയരാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ രൂപ ജൂലൈ അവസാനത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് ഓഗസ്റ്റ് മാസം 1.2 ശതമാനത്തിലധികം ഇടിഞ്ഞ് അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. നിരവധി കാരണങ്ങളാല്‍ വരും ദിവസങ്ങളില്‍ ഇന്ത്യന്‍ രൂപ സമ്മര്‍ദ്ദത്തിലാകാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. രൂപയ്‌ക്കെതിരെ ദിര്‍ഹത്തിന്റെ ഉയര്‍ന്ന മൂല്യം യു.എ.ഇ-യിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ്. നിലവില്‍ ഒരു ദിര്‍ഹത്തിന് 22.60 രൂപയിലധികമാണ് വിനിമയ നിരക്ക്. ഒരു ദിര്‍ഹത്തിന് പാകിസ്ഥാനില്‍ 80 രൂപയിലധികം വിനിമയ നിരക്കുണ്ട്.