സൗദി എയര്‍ലൈന്‍സിന്റെ വമ്പന്‍ ഓഫര്‍; വിദേശ യാത്രകള്‍ക്ക് 50 ശതമാനം നിരക്കിളവ്

Share

റിയാദ്: യാത്രാനിരക്കില്‍ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ച് സൗദി എയര്‍ലൈന്‍സ്. എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും നിരക്കിളവ് ബാധകമായിരിക്കുമെന്നാണ് സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സ് അറിയിച്ചിരിക്കുന്നത്. ഇന്ന് (2023 ഓഗസ്റ്റ് 17 വ്യാഴാഴ്ച) മുതല്‍ ഈ മാസം 30 ബുധനാഴ്ച വരെ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ഇളവ് ലഭിക്കുക. 2023 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ യാത്ര ചെയ്യാവുന്ന ടിക്കറ്റുകൾക്കാണ് നിരക്കിളവ് ബാധകം. അതായത് ഈ മാസം 30-നുള്ളിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുമായി 2023 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ യാത്ര ചെയ്യാം. ബിസിനസ് ക്ലാസ്, ഇക്കോണമി ക്ലാസ് ടിക്കറ്റുകള്‍ക്കെല്ലാം നിരക്ക് ഇളവ് ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലോകരാജ്യങ്ങളുമായി സൗദിയിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനാപ്പം രാജ്യത്തേക്ക് വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി എയര്‍ലൈന്‍സ് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സൗദിയ
എയര്‍ലൈനിന്റെ വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ എളുപ്പത്തില്‍ കരസ്ഥമാക്കാം. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് നിലവില്‍ സൗദിയ സര്‍വീസ് നടത്തുന്നുണ്ട്.