പിപിഇ കിറ്റ് അഴിമതി; ലോകായുക്ത വിശദമായ വാദം കേള്‍ക്കും

Share

കൊച്ചി: കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിലെ അഴിമതി ആരോപണത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ ലോകായുക്ത തീരുമാനം. കേസ് സെപ്റ്റംബര്‍ മാസം 19-ന് പരിഗണിക്കും. പരാതിയില്‍ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലോകായുക്ത നോട്ടീസ് അയച്ചിരുന്നു. നിലവിലുള്ളതിനേക്കാള്‍ മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയതായും ഇതില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നമാണ് പരാതി ഉന്നയിച്ചിരിക്കുന്ന്ത്. പ്രാഥമിക അന്വേഷണത്തില്‍, പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിക്കുകയായിരുന്നു.

കെഎംഎസ്സിഎല്‍ എം ഡിയായിരുന്ന നവജോത് ഖോസ, ബാലമുരളി, എം ഡി ദിലീപ് അടക്കമുള്ള 12 പേര്‍ക്കും ലോകായുക്ത നോട്ടീസ് അയച്ചിട്ടുണ്ട്. പിപിഇ കിറ്റിന് അക്കാലത്ത് ദൗര്‍ലഭ്യം നേരിട്ടതിനാല്‍ കിട്ടാവുന്നിടത്തെല്ലാം വാങ്ങിയതിനാലാണ് കൂടുതല്‍ പണം നല്‍കേണ്ടി വന്നതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ കുറഞ്ഞ ക്വാട്ട് നല്‍കിയ കമ്പനിയെ ഒഴിവാക്കിയാണ് കൂടുതല്‍ തുകയ്ക്ക് വാങ്ങിയതെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്.