വീണയുടെ മാസപ്പടി വിവാദം; മാധ്യമങ്ങളെ പഴിചാരി മന്ത്രി മുഹമ്മദ് റിയാസ്

Share

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. മാസപ്പടി വിവാദം സംബന്ധിച്ച് ‘സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എത്ര തവണ ചോദ്യം ആവര്‍ത്തിച്ചാലും ഇത് തന്നെയാണ് ഉത്തരമെന്നും വീണയുടെ ഭര്‍ത്താവുകൂടിയായ മുഹമ്മദജ് റിയാസ് പറഞ്ഞു. വിവാദങ്ങള്‍ക്ക് പിന്നില്‍ മാദ്ധ്യമ ഉടമകളുടെ താല്‍പ്പര്യമാണെന്നും സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗമാണ് മാദ്ധ്യമ പ്രവര്‍ത്തകരെന്നും അവര്‍ ഉടമകളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഇറങ്ങുകയാണെന്നും റിയാസ് വിമര്‍ശിച്ചു. വീണ വിജയന് സി.എം.ആര്‍.എല്‍ കമ്പനി മാസപ്പടി നല്‍കിയെന്ന വിവരം മന്ത്രി റിയാസ് തിരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തില്‍ മറച്ചുവച്ചെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി റിയാസും മാളത്തിലൊളിച്ചിരിക്കുന്നുവെന്ന് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ഇന്ന് മാദ്ധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്.

അതേസമയം, മാസപ്പടി വിവാദത്തില്‍ വീണാ വിജയനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു എന്നയാള്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. വീണയെക്കൂടാതെ കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് കമ്പനിയില്‍ നിന്ന് പണം കൈപ്പറ്റിയവര്‍ക്കെതിരെയും അന്വേഷണം വേണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. ആദായനികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവ് സഹിതമാണ് ഗിരീഷ് ബാബു വിജിലന്‍സിനെ സമീപിച്ചത്. പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ തുടര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍ വ്യക്തമാക്കി.