വിദേശയാത്രക്കാർ അറിഞ്ഞിരിക്കേണ്ട കസ്റ്റംസ് നിയമങ്ങൾ എന്തൊക്കെ?

Share

ദുബായ്: വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ ഓരോ രാജ്യത്തെയും കസ്റ്റംസ് നിയമങ്ങളെ കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്ന് യു.എ.ഇ അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. വിമാനത്താവളങ്ങളില്‍ ഇറങ്ങുമ്പോഴും കയറുമ്പോഴും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയുമായി സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. എല്ലാവിധത്തിലുമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ഓരോ യാത്രയും നടത്തേണ്ടതെന്നും യാത്രാവേളയില്‍ പരിധിയില്‍ കൂടുതല്‍ കറന്‍സി കൈവശം വയ്‌ക്കേണ്ട സാഹചര്യമുണ്ടായാല്‍ അക്കാര്യം കസ്റ്റംസിനോട് വെളിപ്പെടുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 60,000 ദിര്‍ഹത്തില്‍ അധികം പണം കൈവശമുണ്ടെങ്കില്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് തന്നെ ഈ വിവരം കസ്റ്റംസിനെ അറിയിക്കണം. മാത്രമല്ല വിലപിടിപ്പുള്ള ആഭരണങ്ങളും ആഡംബര വസ്തുക്കളും കൈയില്‍ കരുതുന്നുവെങ്കില്‍ അക്കാര്യം കസ്റ്റംസിനോട് വെളിപ്പെടുത്തണം.

ഓരോ രാജ്യത്തെയും യാത്രാനിയമങ്ങളെ കുറിച്ച് കൃത്യമായി മനസിലാക്കാന്‍ ആ രാജ്യത്തിന്റെ കസ്റ്റംസ് വെബ്‌സൈറ്റ് വഴിയോ അല്ലെങ്കില്‍ കോണ്‍സുലേറ്റുകള്‍, സ്ഥാനപതി കാര്യാലയങ്ങള്‍ വഴിയോ നിയമം മനസിലാക്കാവുന്നതാണ്. കസ്റ്റംസ് ബോധവല്‍ക്കരണത്തിനായി യു.എ.ഇ-യില്‍ വിപുലമായ സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. യാത്രാ സംബന്ധിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്താന്‍ യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപും അതുപോലെ കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് അതോറിറ്റിയും സംയുക്തമായി ‘അഫ്‌സഹ്’ എന്ന പേരില്‍ റജിസ്‌ട്രേഷന്‍ സംവിധാനങ്ങള്‍ക്ക തുടക്കം കുറിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ നടത്തേണ്ടത് അതോറിറ്റിയുടെ https /declare.customs.ae എന്ന വെബ് പേജിലാണ്. അഫ്‌സഹ് ആപ്ലിക്കേഷനിലൂടെയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാമെന്നും യാത്രക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.