മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് 60-ാം പിറന്നാള്‍; ആശംസകളുമായി ആരാധകര്‍

Share

NEWS DESK:  കേരളത്തിന്റെ വാനമ്പാടി എന്ന വിശേഷണവുമായി മലയാളത്തിന്റെ സ്വന്തം പാട്ടുകാരിയായി കെ.എസ് ചിത്ര നമ്മളോടൊപ്പം കൂടിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിടുകയാണ്. മനസിന്റെ സമസ്ത ഭാവങ്ങളും ഉള്‍ക്കൊണ്ട് ചിത്ര നമുക്കായി പാടിയ പാട്ടുകള്‍ കാലങ്ങളെ അതിജീവിച്ച് നില്‍ക്കുന്നവയാണ്. ചിത്രയുടെ സ്വരമാധുര്യത്തില്‍ വിരിഞ്ഞ പാട്ടുകള്‍ എത്ര കേട്ടാലും കേട്ടാലും മതിവരാത്തവയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തില്‍ അധികം പാട്ടുകള്‍ ചലച്ചിത്രങ്ങള്‍ക്ക് വേണ്ടിയും ഏഴായിരത്തിലധികം ഇതര സംഗീതശാഖഖല്‍ക്കുമായി കെ.എസ് ചിത്ര സംഭാവന ചെയ്തിട്ടുണ്ട്.

1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണന്‍ നായര്‍-ശാന്തകുമാരി ദമ്പതികളുടെ രണ്ടാമത്തെ മകളായി കെ.എസ്. ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാര്‍ വിദഗ്ദ്ധന്‍ കെ.എസ് മഹേഷ് എന്നിവരാണ് സഹോദരങ്ങള്‍. സംഗീത കുടുംബത്തില്‍ ജനിച്ച ചിത്രയുടെ പാട്ടിനോടുള്ള താല്പര്യം കണ്ടെത്തിയത് പിതാവ് കൃഷ്ണന്‍ നായര്‍ ആയിരുന്നു. അദ്ദേഹം തന്നെ ആയിരുന്നു സംഗീതത്തിലെ ആദ്യ ഗുരുും. പിന്നീട് ഡോ. കെ. ഓമനക്കുട്ടിയുടെ കീഴില്‍ കര്‍ണാടക സംഗീതം അഭ്യസിച്ചു. 1978 മുതല്‍ 1984 വരെ കേന്ദ്ര സര്‍ക്കാരിന്റെ നാഷനല്‍ ടാലന്റ് സേര്‍ച്ച് സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ഓമനക്കുട്ടിയുടെ സഹോദരന്‍ കൂടിയായ എം.ജി. രാധാകൃഷ്ണന്‍ ആണ് 1979-ല്‍ ആദ്യമായി മലയാള സിനിമയില്‍ പാടാന്‍ ചിത്രയ്ക്ക് അവസരം നല്‍കിയത്. എം.ജി രാധാകൃഷ്ണന്റെ സംഗീതത്തില്‍ അട്ടഹാസമെന്ന ചിത്രത്തില്‍ ചെല്ലം ചെല്ലം….എന്ന ഗാനം പാടി തുടക്കം കുറിച്ചു. ഒരു വര്‍ഷത്തിനു ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജന്‍ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം ആയിരുന്നു. രാധാകൃഷ്ണന്റെ തന്നെ സംഗീത സംവിധാനത്തില്‍ അരുന്ധതിയുമൊത്ത് പാടിയ അരികിലോ അകലെയോ… എന്നതാണ് ഈ ഗാനം.

യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികള്‍ ചിത്രയുടെ ആദ്യകാല സംഗീത ജീവിതത്തിലെ വളര്‍ച്ചക്ക് സഹായകമായി. തമിഴില്‍ ഇളയരാജ സംഗീത നിര്‍വ്വഹിച്ച നീ താനേ അന്തക്കുയില്‍ എന്ന ചിത്രത്തില്‍ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതല്‍ ശ്രദ്ധേയയായി. ദക്ഷിണേന്ത്യയുടെ വാനമ്പാടി, തെന്നിന്ത്യന്‍ വാനമ്പാടി, ഫീമൈല്‍ യേശുദാസ്, ഗന്ധര്‍വ ഗായിക, സംഗീത സരസ്വതി, ചിന്നക്കുയില്‍, കന്നഡ കോകില, പിയ ബസന്ത, ഇന്ത്യയുടെ കൊച്ചു വാനമ്പാടി, കേരളത്തിന്റെ വാനമ്പാടി എന്നും പേരുകള്‍ ആരാധക ലോകം ചിത്രയ്ക്ക് സമ്മാനിച്ചു.

16 തവണ കേരളസംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, 9 തവണ ആന്ധ്രാ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, 4 തവണ തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, 3 തവണ കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് എന്നിവ ലഭിച്ചു. കേരള സര്‍ക്കാറിന്റെ മികച്ച ഗായികയ്ക്കുള്ള ചലച്ചിത്ര പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ നേടിയത് ചിത്രയാണ്. 1985 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ 16 തവണ ചിത്രയെ പുരസ്‌കാരം തേടിയെത്തി. 6 തവണ ദേശീയ അവാര്‍ഡുകള്‍ നേടിയ ചിത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദേശിയ അവാര്‍ഡുകള്‍ വാങ്ങിയ ഗായിക എന്ന നിലയിലും അറിയപ്പെടുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ ഗായികമാരില്‍ ഒരാള്‍ കൂടി ആണ് ചിത്ര.

കേരള സംസ്ഥാന അവാര്‍ഡുകള്‍
1. 1985 എന്റെ കാണാക്കുയില്‍ (ഒരേ സ്വരം…) നിറക്കൂട്ട് (പൂമാനമേ…നോക്കെത്താദൂരത്ത് കണ്ണുംനട്ട് (ആയിരം….)
2. 1986 നഖക്ഷതങ്ങള്‍ (മഞ്ഞള്‍പ്രസാദവും…)
3. 1987 ഈണം മറന്നകാറ്റ് (ഈണം…) എഴുതാപ്പുറങ്ങള്‍ (പാടുവാനായ്….)
4. 1988 വൈശാലി (ഇന്ദുപുഷ്പം…)
5. 1989 ഒരു വടക്കന്‍ വീരഗാഥ (കളരി വിളക്കു…) മഴവില്‍ക്കാവടി (തങ്കത്തോണി…)
6. 1990 ഇന്നലെ (കണ്ണില്‍ നിന്‍….)ഞാന്‍ ഗന്ധര്‍വന്‍ (പാലപ്പൂവേ…)
7. 1991 കേളി (താരം വാല്‍ക്കണ്ണാടി…) സാന്ത്വനം (സ്വരകന്യകമാര്‍…)
8. 1992 സവിധം (മൗനസരോവര…)
9. 1993 സോപാനം (പൊന്‍ മേഘമേ…) ചമയം (രാജഹംസമേ…) ഗസല്‍ (സംഗീതമേ…)
10. 1994 പരിണയം (പാര്‍വണേന്ദു…)
11. 1995 ദേവരാഗം (ശശികല ചാര്‍ത്തിയ…)
12. 1999 അങ്ങനെ ഒരവധിക്കാലത്ത് (പുലര്‍വെയിലും…)
13. 2001 തീര്‍ഥാടനം (മൂളി മൂളി…)
14. 2002 നന്ദനം (കാര്‍മുകില്‍…)
15. 2005 നോട്ടം (മയങ്ങിപ്പോയ്…)
16. 2016 കാംബോജി (നടവാതില്‍ തുറന്നില്ല…)

ദേശീയ അവാര്‍ഡുകള്‍

1. സിന്ധു ഭൈരവി (1985 തമിഴ്) പാടറിയേന്‍…
2. നഖക്ഷതങ്ങള്‍ (1986 മലയാളം) മഞ്ഞള്‍ പ്രസാദവും…
വൈശാലി (1988 മലയാളം) ഇന്ദു പുഷ്പം…
3. മിന്‍സാരകനവ് (1996 തമിഴ്) മാനാ മധുരൈ…
4. വിരാസത് (1997 ഹിന്ദി) പായലേന്‍ ചുന്‍…
5. ഓട്ടോഗ്രാഫ് (2004 തമിഴ്) ഒവ്വൊരു പൂക്കളുമേ…

1983-ല്‍ സിന്ധുഭൈരവിയിലെ പാടറിയേ പഠിപ്പറിയേ… എന്ന ഗാനത്തിലൂടെയാണ് ചിത്രയ്ക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. കെ.ബാലചന്ദ്രര്‍ സംവിധാനം ചെയ്ത ചിത്രം 3 ദേശീയ പുരസ്‌കാരമാണ് നേടിയത്. മികച്ച നടിക്കുളള അവാര്‍ഡ് സുഹാസിനിയും മികച്ച സംഗീത സംവിധായകനുളള അവാര്‍ഡ് ഇളയരാജയും മികച്ച ഗായികയ്ക്കുളള അവാര്‍ഡ് ചിത്രയും നേടി. 1987 ല്‍ നഖക്ഷതങ്ങളിലെ മഞ്ഞള്‍ പ്രസാദവും….എന്ന ഗാനത്തിന് ചിത്രയ്ക്ക് രണ്ടാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചു. 1989-ല്‍ മൂന്നാമത്തെ ദേശീയ പുരസ്‌കാരം ചിത്രയെ തേടിയെത്തി. ‘വൈശാലി’ ചിത്രത്തിലെ ‘ഇന്ദുപുഷ്പം ചൂടി നില്‍ക്കും’ എന്ന ഗാനത്തിനായിരുന്നു പുരസ്‌കാരം. ‘മിന്‍സാരക്കനവ്’ എന്ന തമിഴ് ചിത്രത്തിലെ ‘മാന മധുരൈ’ എന്ന ഗാനത്തിലൂടെ 1996 ല്‍ ചിത്രയ്ക്ക് നാലാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചു. എ.ആര്‍.റഹ്‌മാനായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്‍. 1997 ല്‍ ഹിന്ദി ചിത്രം വിരാസത്തിലെ ‘പായലേ ചുന്‍ മുന്‍’ എന്ന ഗാനത്തിന് അഞ്ചാമത്തെ ദേശീയ പുരസ്‌കാരം നേടി. പ്രിയദര്‍ശനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. 2004 ല്‍ തമിഴ് ചിത്രം ഓട്ടോഗ്രാഫിലൂടെ ചിത്രയ്ക്ക് ആറാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചു. ‘ഒവ്വൊവ്വൊരു’ പൂക്കളുമേ എന്ന ഗാനത്തിനായിരുന്നു ചിത്രയ്ക്ക് പുരസ്‌കാരം.

എഞ്ചിനീയറായ വിജയശങ്കറാണ് ചിത്രയുടെ ഭര്‍ത്താവ്. 1987-ലായിരുന്നു ഇവരുടെ വിവാഹം. 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇവര്‍ക്ക് ലഭിച്ച ഏക മകള്‍ നന്ദന, 2011 ഏപ്രില്‍ 14-ന് ദുബായിലെ എമിറേറ്റ്‌സ് ഹില്ലിലുള്ള നീന്തല്‍ക്കുളത്തില്‍ വീണുമരിച്ചു. മകളുടെ മരണത്തെ തുടര്‍ന്ന് കുറച്ചുകാലം സംഗീതത്തില്‍ നിന്നും വിട്ടുനിന്നുവെങ്കിലും സൗഹൃദങ്ങളുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച് പാട്ടിന്റെ ലോകത്തേക്ക് സജീവമാകുകയായിരുന്നു.

കെ.എസ് ചിത്രക്ക് Gulf Eye 4 News-ന്റെ പിറന്നാൾ ആശംസകൾ