കനത്തമ‍ഴ; നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തിൽ മരണം 200 കവിഞ്ഞു

Share

കനത്തമ‍ഴയെ തുടര്‍ന്ന് മധ്യ-കി‍ഴക്കൻ നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും മരണം 200ലേക്ക്. 30ലധികം ആളുകളെ കാണാതായി. വെള്ളിയാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയില്‍ കിഴക്കൻ, മധ്യ നേപ്പാളിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. 45 വര്‍ഷത്തിനിടെ നേപ്പാളിലുണ്ടായ വലിയ വെള്ളപ്പൊക്കമാണിത്. ശനിയാ‍ഴ്ച ധാഡിങ് ജില്ലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ 19 പേര്‍ കൊല്ലപ്പെട്ടു. മലയിടിഞ്ഞ സമയം അതുവ‍ഴി പോയ ബസിലെ യാത്രക്കാരാണിവരെല്ലാം. നേപ്പാള്‍ ഫുട്ബോള്‍ അസോസിയേഷന്‍റെ പരിശീലനകേന്ദ്രത്തിനു സമീപമുണ്ടായ ഉരുള്‍പ്പൊട്ടിലില്‍ ആറ് ഫുട്ബോള്‍ താരങ്ങള്‍ മരിച്ചു.
കനത്ത നാശം വിതച്ച കാഠ്മണ്ഡുവില്‍ 322 വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. 16 പാലങ്ങള്‍ പ്രളയത്തില്‍ ഒലിച്ചു പോയി. 3626 പേരെ സൈന്യം രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുളിലെത്തിച്ചിട്ടുണ്ട്. 162 പേരെ എയർലിഫ്റ്റ് ചെയ്തതായി സൈന്യം അറിയിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് നൂറുകണക്കിന് ആളുകൾ വിവിധ ഹൈവേകളിൽ കുടുങ്ങിയതതോടെ ദേശീയപാത ഉപരോധിച്ചു. തടസങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും മൺസൂണും പതിവിനേക്കാൾ വടക്കുമാറി സ്ഥിതി ചെയ്യുന്നതാണ് അതിശക്തമായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.