ന്യൂഡൽഹി: കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ഡോക്ടർമാർ. ഐഎംഎയുടെ 24 മണിക്കൂർ രാജ്യവ്യാപക സമരം ആരംഭിച്ചു. അടിയന്തര സേവനം ഒഴികെയുള്ള സേവനങ്ങൾ ബഹിഷ്‌കരിച്ചാണ് പ്രതിഷേധം. സംസ്ഥാനത്ത് മെഡിക്കൽ പിജി അസോസിയേഷന്റെ നേതൃത്വത്തിലും സമരം നടക്കുന്നുണ്ട്. സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാർ ഒപി ബഹിഷ്‌കരിക്കും.
ജോലിസ്ഥലത്ത് ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും എതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം ഉൾപ്പെടെ അഞ്ച് ആവശ്യങ്ങളാണ് പ്രധാനമായും ഐഎംഎ മുന്നോട്ട് വയ്‌ക്കുന്നത്. റസിഡന്റ് ഡോക്ടർമാരുടെ ജോലിയിലുള്ള പരിഷ്‌കരണവും ഇവർ ആവശ്യപ്പെടുന്നുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ കുറ്റകൃത്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നീതി നടപ്പാക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.
അതേസമയം വയനാട് ജില്ലയിലെ പ്രത്യേക കണക്കിലെടുത്ത് ജില്ലയെ സമരത്തിൽ നിന്ന് ഒഴിവാക്കി. വയനാട്ടിൽ ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും. തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും. നാളെ രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്. ഒപി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയ അടക്കം മുടങ്ങും.