ആന്ധ്രപ്രദേശിൽ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതിന് ശേഷം കൊലപ്പെടുത്തി. മൂന്നാം ക്ലാസുകാരിയാണ് കൊല്ലപ്പെട്ടത്. 12 വയസ്സുള്ള രണ്ട് കുട്ടികളും 13 വയസ്സുള്ള മറ്റൊരു കുട്ടിയും ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി മൃതദേഹം കനാലിൽ തളളുകയും ചെയ്‌തു. നന്ത്യാൽ ജില്ലയിലാണ് സംഭവം.
ഞായറാഴ്ചയാണ് സംഭവം നടന്നത്. തിങ്കളാഴ്ച പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ഞായറാഴ്ച പൊലിസില്‍ പരാതി നല്‍കിയിരുന്നു. പാര്‍ക്കില്‍ കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായതെന്നാണ് പിതാവിന്റെ മൊഴി. പ്രദേശവാസികളെ ചോദ്യം ചെയ്തുവെങ്കിലും പൊലിസിന് കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലിസ് നായയെ എത്തിച്ച് നടത്തിയ പരിശോധനക്കൊടുവില്‍ നായ പ്രതികളില്‍ ഒരാളുടെ വീട്ടിലേക്ക് പോവുകയും, പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പാര്‍ക്കില്‍ കളിക്കുകയായിരുന്ന മൂന്നാം ക്ലാസുകാരിയെ ഒപ്പം കളിക്കാന്‍ വിളിച്ചു കൊണ്ടുപോയ പ്രതികള്‍ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി വിവരം പുറത്തു പറയുമെന്ന ഭയത്താല്‍ കൊലപ്പെടുത്തി കനാല്‍ പരിസരത്ത് ഒളിപ്പിക്കുകയായിരുന്നുവെന്നാണ് പ്രതികൾ പൊലിസിന് നൽകിയ മൊഴി.