ശ്രീനഗർ: ജമ്മു കശ്മീരിലെ റിയാസിയിൽ തീർഥാടകർ സഞ്ചരിച്ച ബസ് ആക്രമിച്ച ഭീകരരിൽ ഒരാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ദൃക്സാക്ഷി നൽകിയ വിവരം അനുസരിച്ചാണ് രേഖാചിത്രം തയ്യാറാക്കിയത്. ഇയാളെക്കുറിച്ച് കൂടുതൽ വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ്.
ശിവഘോരി ഗുഹാക്ഷേത്രത്തിൽനിന്ന് കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേയാണ് ആക്രമണം നടന്നത്. ഞായറാഴ്ച വൈകിട്ടുണ്ടായ ആക്രമണത്തിൽ ഒൻപതുപേർക്കാണ് ജീവൻ നഷ്ടമായത്. 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീർഥാടകർ സഞ്ചരിച്ച ബസിനുനേരെ ഭീകരർ വെടിയുതിർത്തതോടെ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഉത്തർ പ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ജമ്മു കശ്മീർ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.
ഭീകരരെ കുറിച്ച് വിവരം ലഭിക്കുന്നവർ എഎസ്പി റിയാസി – 9205571332, എഎസ്പി റിയാസി – 9419113159, ഡിവൈഎസ്പി എച്ച്ക്യു റിയാസി – 9419133499, എസ്എച്ച്ഒ പോണി – 7051003214, എസ്എച്ച്ഒ റൻസൂ- 7051003213, പിസിആർ റിയാസി – 9622856295 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു