ഭിന്നശേഷിയുള്ള കുട്ടികളെ പരിചരിക്കാനായി മാതാപിതാക്കൾ എടുക്കുന്ന അവധി നിഷേധിക്കരുതെന്ന് സുപ്രീം കോടതി

Share

ന്യൂഡൽഹി: ഭിന്നശേഷിയുള്ള കുഞ്ഞിനെ പരിചരിക്കുന്നതിന് മാതാപിതാക്കളുടെ അവധി നിഷേധിക്കുന്നത് ഭരണഘടനാപരമായ കടമയുടെ ലംഘനമാണെന്ന് സുപ്രിംകോടതി. മാത്രമല്ല സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള സംസ്ഥാനത്തിന്റെ വിഷയം ഗൗരവകരമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ജെ ബി പർദിവാലയും അടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.
ഹിമാചൽ പ്രദേശിലെ ജിയോഗ്രഫി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ചൈൽഡ് കെയർ ലീവ് (സി.സി.എൽ) അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹിമാചൽ ഹൈക്കോടതി ഹർജി തള്ളിയതിനെത്തുടർന്ന് യുവതി സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശം. തൊഴിൽ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രത്യേകാവകാശമല്ല, മറിച്ച് ഭരണഘടനാപരമായ ആവശ്യകതയാണ്, ഒരു മാതൃകാ തൊഴിലുടമ എന്ന നിലയിൽ സംസ്ഥാനത്തിന് ഇത് നിഷേധിക്കാനാകില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.
കേസിൽ കേന്ദ്രസർക്കാരിനെ കക്ഷിയാക്കാനും അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയുടെ സഹായം തേടാനും സുപ്രിംകോടതി ഉത്തരവിട്ടു. സർക്കാർ കോളജിലെ ജിയോഗ്രഫി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറായ ഹർജിക്കാരിയുടെ 14 വയസുള്ള മകൻ ഓസ്റ്റിയോജെനിസിസ് ഇംപെർഫെക്റ്റ എന്ന അപൂർവ ജനിതക വൈകല്യമുള്ള ആളാണ്. ജനിച്ചതു മുതൽ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടുണ്ടെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. ഹരജിക്കാരിയുടെ മകന്റെ നിരന്തര ചികിത്സക്കും ശസ്ത്രക്രിയകളും സാധാരണ ജീവിതത്തിനും അവധി ആവശ്യമാണ്. മകന്റെ ചികിത്സ കാരണം ഹരജിക്കാരിയുടെ എല്ലാ അനുവദനീയ അവധികളും തീർന്നുവെന്നും 1972 ലെ സെൻട്രൽ സിവിൽ സർവീസ് (ലീവ്) റൂൾ 43-സി ശിശു സംരക്ഷണ അവധി അനുവദിക്കാൻ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.