യാത്രക്കാരുടെ ബാഗേജ് വിവരങ്ങൾ അറിയാൻ പുതിയ സംവിധാനവുമായി എയര്‍ഇന്ത്യ

Share

ന്യൂഡൽഹി: യാത്രക്കാര്‍ക്ക് കൂടുതൽ സംവിധാനമൊരുക്കി എയര്‍ഇന്ത്യ എക്‌സ്പ്രസ്. യാത്രക്കാർക്ക് അവരുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ നല്‍കുകയും ബാഗേജുകള്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്ന ബാഗ് ട്രാക്ക് ആൻഡ് പ്രൊട്ടക്ട് സംവിധാനമാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ആരംഭിച്ചിരിക്കുന്നത്. ബ്ലൂ റിബണ്‍ ബാഗുമായി ചേര്‍ന്നാണ് ഈ നൂതന സംവിധാനം നടപ്പാക്കുന്നത്. നിലവിൽ എസ്എംഎസ് അല്ലെങ്കില്‍ ഇ-മെയില്‍ വഴി ആകും ബാഗേജുകളെക്കുറിച്ചുള്ള വിവരങ്ങൾ യാത്രക്കാർക്ക് അറിയാൻ കഴിയുക.
ഇനി വിമാനം ലാന്‍ഡ് ചെയ്ത് 96 മണിക്കൂറിനകം ബാഗേജുകള്‍ ലഭിച്ചില്ലെങ്കില്‍ ആഭ്യന്തര യാത്രികര്‍ക്ക് 19,000 രൂപയും രാജ്യാന്തര യാത്രികര്‍ക്ക് 66,000 രൂപയും ഒരു ബാഗിനെന്ന നിരക്കില്‍ നഷ്ടപരിഹാരമായി ലഭിക്കുന്നതാണ്. മുന്‍കൂര്‍ ആയി എയര്‍ ഇന്ത്യയുടെ മൊബൈല്‍ ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ ഈ സേവനം മുന്‍കൂര്‍ ബുക്ക് ചെയ്യാം. ആഭ്യന്തര യാത്രക്കാര്‍ക്ക് 95 രൂപയും രാജ്യാന്തര യാത്രക്കാര്‍ക്ക് 330 രൂപയുമാണ് ബുക്കിങ് നിരക്ക്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിരവധി സേവനൾ എയര്‍ ഇന്ത്യ എക്സ്പ്രസ് വാഗ്ദാനം ചെയ്യുന്നത്.