തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പൾസ് ഇമ്മ്യൂണൈസേഷൻ പോളിയോ മാർച്ച് മൂന്നിന് നടക്കും അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കാണ് പദ്ധതിയിലൂടെ പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നത്. 23,28,258 കുട്ടികൾക്ക് ഇത്തവണ പ്രത്യേകം സജ്‌ജമാക്കിയിട്ടുള്ള ബൂത്തുകളിലൂടെ പൾസ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. ട്രാൻസിറ്റ്, മൊബൈൽ ഉൾപ്പെടെ സംസ്ഥാനത്ത് 23,471 ബൂത്തുകൾ പ്രവർത്തിക്കും. രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക. ഇതിനോടനുബന്ധിച്ച് 46,942 വോളണ്ടിയർമാരെയും 1,564 സൂപ്പർവൈസർമാരെയും പരിശീലനം നൽകി നിയോഗിച്ചിട്ടുണ്ട്. മാർച്ച് നാല്, അഞ്ച് എന്നീ തീയതികളിൽ വോളണ്ടിയർമാർ വീടുകളിൽ സന്ദർശനം നടത്തുകയും അഞ്ച് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് തുള്ളിമരുന്ന് ലഭ്യമായെന്ന് ഉറപ്പും വരുത്തുകയും ചെയ്യുന്നതാണ്. എന്തെങ്കിലും കാരണത്താൽ മാർച്ച് മൂന്നിന് തുള്ളിമരുന്ന് നൽകാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് ഭവന സന്ദർശന വേളയിൽ തുള്ളിമരുന്ന് നൽകും. സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകൾ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംഘടിപ്പിക്കുന്നത്.