ലഖ്നോ: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാക്കെതിരായ അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. ഉത്തർ പ്രദേശിലെ സുൽത്താൻപൂർ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. 2018 ൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പിനിടെ ബംഗളൂരുവിൽ നടത്തിയ വാർത്ത സമ്മേളനത്തിനിടെയായിരുന്നു രാഹുൽ അമിത് ഷായെ ‘കൊലക്കേസ് പ്രതി’ എന്ന് വിശേഷിപ്പിച്ചത്. ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുൽ ഗാന്ധിക്കെതിരെ കേസ് നല്‍കിയത്. ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ 2005 ലെ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിചേർക്കപ്പെട്ട അമിത് ഷായെ 2014ൽ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി വെറുതെവിട്ടിരുന്നു. ഇതിനിടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷമുണ്ടാക്കി എന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് അസം സിഐഡി സമന്‍സ് അയച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 11 കോണ്‍ഗ്രസ് നേതാക്കള്‍ ഫെബ്രുവരി 23ന് ഹാജരാകണം. രാഹുല്‍ ഗാന്ധിയെ കൂടാതെ കോണ്‍ഗ്രസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, ജിതേന്ദ്ര സിംഗ്, അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ, പാര്‍ലമെന്റ് അംഗം ഗൗരവ് ഗൊഗോയ്, അസം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ, തുടങ്ങിയവരോടും ഹാജരാകാന്‍ സിഐഡി ആവശ്യപ്പെട്ടിട്ടുണ്ട്.