കുവൈത്ത്: സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് കുടുംബ വിസ അനുവദിക്കാന്‍ ഒരുങ്ങി കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പിലാണ് ദീർഘകാലമായി നിർത്തിവെച്ച പ്രവാസികളുടെ കുടുംബ വിസ പുനരാരംഭിക്കുന്ന കാര്യം വ്യക്തമാക്കിയത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര വകുപ്പ് ആക്ടിംഗ് മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.
മലയാളികള്‍ ഉള്‍പ്പെടേയുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വസകരമാകുന്ന വാർത്തയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ നിയന്ത്രണങ്ങളും വ്യവസ്ഥകളും അനുസരിച്ച് കുടുംബങ്ങൾക്കായി വിസ എൻറോൾമെന്റ് തുറക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിലവിൽ ഡോക്ടര്‍മാര്‍, യൂണിവേഴ്സിറ്റി പ്രൊഫസര്‍മാര്‍, അപ്ലൈഡ് എഡ്യൂക്കേഷന്‍, കൗണ്‍സിലര്‍മാര്‍, എന്നിവരുള്‍പ്പെടേയുള്ള വിഭാഗങ്ങള്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ കുടുംബ വിസ അനുവദിക്കുക. മുൻപ് കുവൈത്തില്‍ സ്ഥിര താമസക്കാരായ വിദേശികള്‍ക്ക് ഫാമിലി വിസ കിട്ടാൻ 450 ദിനാറായിരുന്നു കുറഞ്ഞ ശമ്പളനിരക്ക്. എന്നാൽ ഇപ്പോൾ കുടുംബ വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ കുറഞ്ഞ ശമ്പളനിരക്ക് 800 ദിനാറായിരിക്കണമെന്നാണ് നിർദ്ദേശം. കൂടാതെ യൂണിവേഴ്‌സിറ്റി ബിരുദവും നിർബന്ധമാണ്.
2022 ജൂണിലാണ് കുവൈത്തിൽ കുടുംബ വിസ നൽകുന്നത് നിര്‍ത്തിയത്. സന്ദർശന വിസയും നിർത്തിയതോടെ കുടുംബത്തെ കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പ്രവാസികൾ. പഴയ വിസ ഉള്ളവർ മാത്രമാണ് കുടുംബത്തോടൊപ്പം നിലവിൽ കഴിയുന്നത്. ആദ്യം തൊഴിൽ വിസയും, കൊമേഴ്ഷ്യൽ സന്ദർശന വിസയും മാത്രമേ കുവൈത്തിൽ അനുവദിച്ചിരുന്നുള്ളു. കുടുംബവിസ പുനരാരംഭിക്കുന്നത് കുവെറ്റിന്റെ ബിസിനസ് മേഖലക്കും ഗുണകരമാകുമെന്നാണ് സൂചന.