കുവൈറ്റ് സിറ്റി: കുവൈത്തിൽ തൊഴിൽ നേടണമെങ്കിൽ ഇനി പരീക്ഷ എഴുതണം. വൈദഗ്ധ്യമുള്ള തൊഴിലാളികളാണെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പരീക്ഷ നടത്തുന്നത്. തൊഴില്‍ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് മുമ്പാണ് പ്രവാസികളുടെ കഴിവ് പരിശോധിക്കാന്‍ കുവൈറ്റ് തയ്യാറെടുക്കുന്നത്. പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങിന്റെ സഹകരണത്തോടെ പ്രായോഗികവും സാങ്കേതികവുമായ ടെസ്റ്റുകള്‍ (തിയറി, പ്രാക്റ്റിക്കല്‍) നടത്താനാണ് തീരുമാനം. വൈദഗ്ധ്യമുള്ള തൊഴിലാളികളെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വ്യവസ്ഥാപിതവും കുറ്റമറ്റതുമായ റിക്രൂട്ട്മെന്റ് സംവിധാനം കൊണ്ടുവരുന്നതിനുമായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ഖാലിദ് തൊഴില്‍ നൈപുണ്യ പരിശോധന നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.