ഇന്ത്യയില്‍ സ്വന്തമായി പാസ്‌പോര്‍ട്ട് ഉള്ളവരില്‍ കേരളം മുന്നിൽ ; തൊട്ടുപിന്നില്‍ മഹാരാഷ്ട്ര

Share

കൊച്ചി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ട് ഉടമകളുള്ള സംസ്ഥാനം ഏതെന്നറിയാമോ? സംശയിക്കണ്ട അത് നമ്മുടെ കേരളം തന്നെയാണ്. കണക്കുകള്‍ പ്രകാരം രാജ്യത്താകെുള്ള 10.87 കോടി പാസ്‌പോര്‍ട്ട് ഉടമകളില്‍ ജനസംഖ്യയില്‍ ഏറെ താഴെയുള്ള കേരളത്തില്‍ 1 കോടി 12 ലക്ഷം പേര്‍ക്കാണ് സ്വന്തമായി പാസ്‌പോര്‍ട്ടുള്ളത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം അതായത് 2022-ലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കിയത്. 15 ലക്ഷത്തി ഏഴായിരം പേരാണ് കഴിഞ്ഞ വര്‍ഷത്തില്‍ കേരളത്തില്‍ സ്വന്തമായി പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയത്. 2023 ഓഗസ്റ്റ് വരെയുള്ള കണക്കുകളില്‍ കേരളത്തില്‍ 1.12 കോടി പാസ്‌പോര്‍ട്ട് ഉടമകളാണുള്ളത്. 1.10 കോടി പാസ്‌പോര്‍ട്ട് ഉടമകളുമായി മഹാരാഷ്ട്രയാണ് കേരളത്തിന് തൊട്ടുപിന്നില്‍. കണക്കുകള്‍ അനുസരിച്ച് 2020-ല്‍ 6,50,708 പേരും 2021-ല്‍ 9,29,373, 2022-ല്‍ 15,07,129 2023-ല്‍ ഒക്ടോബര്‍ വരെ 12,85,682 പേരും കേരളത്തില്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കി.

പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിലുള്ള വേഗതയും കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ട്. 2014-ല്‍ അപേക്ഷ നല്‍കിയതിന് ശേഷം പാസ്‌പോര്‍ട്ട് കിട്ടാന്‍ കുറഞ്ഞത് 21 ദിവസം വേണമായിരുന്നുവെങ്കില്‍ 2023 ആയപ്പോഴേക്കും ഇത് കേവലം ആറ് ദിവസമായി കുറഞ്ഞു. കേരളത്തില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചതും പാസ്‌പോര്‍ട്ടുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായി. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കുടിയേറ്റം ഓരോ വര്‍ഷവും 40 ശതമാനം വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ഇതുവരെ വിദേശ പഠനത്തിനായി പോയ മലയാളി വിദ്യാര്‍ത്ഥികളുടെ എണ്ണം 40,000-ത്തില്‍ അധികമാണ്.