ഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് മിസോറാമിലും ഛത്തീസ്ഗഢിലും ആരംഭിച്ച വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പിയും പ്രത്യക്ഷമായി ഏറ്റുമുട്ടുന്ന ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ആദ്യഘട്ടത്തിലെ 20 നിയമസഭാ മണ്ഡലങ്ങളില്‍ 223 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇവിടെ 40,78, 681 വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും. ഇതില്‍ പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് മൂന്ന് വരെയും പത്തിടങ്ങളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 5 മണി വരെയുമാണ് വോട്ടെടുപ്പ്. വിദൂര കേന്ദ്രങ്ങളില്‍ നടക്കുന്ന വോട്ടെടുപ്പിന് നിയോഗിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥരും സാമഗ്രികളും ഹെലികോപ്റ്റര്‍ സഹായത്തോടെയാണ് നിര്‍ദ്ദിഷ്ട വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ എത്തിച്ചേര്‍ന്നത്. ഈ മാസം 17-നാണ് ഛത്തീസ്ഗഢില്‍ രണ്ടാംഘട്ട വോട്ടെടുപ്പ്.
സുരക്ഷയുടെ ഭാഗമായി മിസോറാമിലെ മ്യാന്‍മര്‍, ബംഗ്ലാദേശ് രാജ്യാന്തര അതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ചു. മിസോറാമില്‍ 40 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 1,276 പോളിംഗ് സ്റ്റേഷനുകളാണ് മിസോറാമിലുള്ളത്. ഇതില്‍ 149 എണ്ണം അതിര്‍ത്തി മേഖലകളിലാണ്. പ്രശ്‌നബാധിതമെന്ന് സംശയിക്കുന്ന 30 പോളിംഗ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 8,57,000 വോട്ടര്‍മാര്‍ 174 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയം നടത്തും. ഭരണകക്ഷിയായ എം.എന്‍.എഫ്, (Mizo National Front) മുഖ്യ പ്രതിപക്ഷമായ ഇസഡ്.പി.എം (Zoram People’s Movement), കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മില്‍ വാശിയേറിയ ത്രികോണ മത്സരമാണ് നടക്കുക. മലനിരകളില്‍ താമസിക്കുന്ന 7,000-ത്തിലധികം ആളുകള്‍ക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാൻ അവസരം ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്ക് മുൻകൂറായി ബാലറ്റ് പേപ്പറുകള്‍ തപാല്‍ വഴി അയച്ചു.
മിസോറാമിലും ഛത്തീസ്ഗഢിലും ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിവരെ 30 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇത്തവണത്തെ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനാണ് പലയിടത്തും സര്‍വേ ഫലങ്ങള്‍ വിജയം പ്രവചിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതിന് ശേഷം ഡിസംബര്‍ 3-നായിരിക്കും 5 സംസ്ഥാനങ്ങളിലെയും ഫലപ്രഖ്യാപനം.