ബിഷന്‍ സിംഗ് ബേദി അന്തരിച്ചു; നഷ്ടമായത് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസത്തെ

Share

NEWS DESK: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിംഗ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. 22 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച താരമാണ് ബിഷന്‍ സിംഗ് ബേദി. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 1975 ലോകകപ്പില്‍ ഈസ്റ്റ് ആഫ്രിക്കക്കെതിരെ 12 ഓവറില്‍ 8 മെയ്ഡനടക്കം 6 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 266 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 12 വര്‍ഷം രാജ്യത്തിനായി കളിച്ചു. പത്ത് ഏകദിനങ്ങള്‍ കളിച്ച ബേദി 7 വിക്കറ്റ് നേടി.

1967 മുതല്‍ 1979 വരെ ക്രിക്കറ്റില്‍ സജീവമായിരുന്ന ബിഷന്‍ സിംഗ് ഇന്ത്യയിലെ മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ്. ഇന്ത്യയുടെ ആദ്യ ഏകദിന വിജയത്തില്‍ എരപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖര്‍, എസ്. വെങ്കിട്ടരാഘവന്‍ എന്നിവര്‍ക്കൊപ്പം ബേദിയുടെ പങ്കും നിര്‍ണായകമായിരുന്നു. പഞ്ചാബിലാണ് ജനിച്ചതെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കു വേണ്ടിയാണ് ബേദി കളിച്ചത്. വിരമിച്ചതിനു ശേഷം ക്രിക്കറ്റ് പരിശീലകനായി. ക്രിക്കറ്റ് മത്സരങ്ങളില്‍ കമന്റേറ്ററായും ബേദി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തെ ക്രിക്കറ്റ് ഇതിഹാസത്തിന്റെ വിയോഗത്തില്‍ പ്രമുഖ താരങ്ങളെല്ലാം ദുഃഖം രേഖപ്പെടുത്തി. മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍ അടക്കമുള്ള താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അനുശോചനം രേഖപ്പെടുത്തി.