എഎഫ്‌സി ഏഷ്യന്‍ കപ്പ് ഖത്തര്‍ ടൂര്‍ണമെന്റിന് ഒരുക്കങ്ങള്‍ സജ്ജം; ടൂര്‍ണമെന്റ് 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ

Share

ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഖത്തര്‍ ടൂര്‍ണമെന്റ് 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ദോഹയില്‍ നടക്കും. ഫിഫ ലോകകപ്പിന്റെ വിജയകരമായ സംഘാടനത്തിന് ശേഷം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മറ്റൊരു മെഗാ ടൂര്‍ണമെന്റിന് ഖത്തര്‍ ഒരുങ്ങപന്നത്. എഎഫ്‌സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ടൂര്‍ണമെന്റിനായുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. സിംഗിള്‍ മാച്ച് ടിക്കറ്റ്, ഫേവറൈറ്റ് ടീം പാക്കേജുകള്‍ ഉള്‍പ്പെടെ വിവിധ പാക്കേജുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. 25 റിയാലാണ് ടിക്കറ്റ് നിരക്ക്. ടൂര്‍ണമെന്റിന്റെ ടിക്കറ്റുകള്‍ ഘട്ടം ഘട്ടമായി പുറത്തിറക്കുമെന്ന് ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023-ന്റെ ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹസന്‍ റാബിയ അല്‍ കുവാരി അറിയിച്ചു.

2022-ലെ ഫിഫ ലോകകപ്പ് മത്സരങ്ങള്‍ സംഘടിപ്പിച്ച ഏഴ് സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെ 9 ഇടങ്ങളിലായാണ് മല്‍സരങ്ങള്‍ അരങ്ങേറുക. ആകെ 51 മത്സരങ്ങളാണ് ടൂര്‍ണമെന്റിന്റെ ഭാഗമായി നടക്കുന്നത്. സംഘാടക സമിതിയുടെ വെബ്സൈറ്റ് വഴിയും എഎഫ്സി വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 24 രാജ്യങ്ങളില്‍ നിന്നുള്ള ദേശീയ ടീമുകള്‍ മാറ്റുരയ്ക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെ നിലവിലെ ചാംപ്യന്‍മാര്‍ എന്ന അഭിമനത്തോടെയാണ് ഖത്തര്‍ എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെ ആതിഥേയരാകുന്നത്.