ഇന്ത്യ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടിംഗ് തീയതി പ്രഖ്യാപിച്ചു

Share

ഡല്‍ഹി: ഇന്ത്യന്‍ രാഷ്ടീയം ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ ഇലക്ഷന്‍ കമ്മിഷന്‍ പ്രഖ്യാപിച്ചു. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ ഇന്ന് പ്രഖ്യാപിച്ചത്. മിസോറാമില്‍ നവംബര്‍ 7-ന് ആണ് തെരഞ്ഞെടുപ്പ് നടക്കുക. ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടമായാണ് ജനവിധി. ആദ്യഘട്ടം നവംബര്‍ 7-നും, രണ്ടാം ഘട്ടം നവംബര്‍ 17-നും നടക്കും. രാജസ്ഥാന്‍-നവംബര്‍ 23, മദ്ധ്യപ്രദേശ് നവംബര്‍-17, തെലങ്കാന-നവംബര്‍ 30 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 3-ന് അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഒരുമിച്ച് നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കി.

അഞ്ചു സംസ്ഥാനങ്ങളിലുമായി 16.14 കോടി വോട്ടര്‍മാരാണ് സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നത്. ഇതില്‍ 60 ലക്ഷം കന്നി വോട്ടര്‍മാരാണ്. കണക്കുകൾ പ്രകാരം  8.24 കോടി പുരുഷന്മാരും, 7.88 കോടി സ്ത്രീ വോട്ടര്‍മാരുമാണ് ജനവിധി എഴുതുന്നത്. ചത്തീസ്ഗഡിലും, മിസോറാമിലും വനിതാ വോട്ടര്‍മാരാണ് കൂടുതല്‍. ആകെ 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ 1.01 പോളിംഗ് സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിംഗിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ബിജെപി ഭരിക്കുന്ന മദ്ധ്യപ്രദേശില്‍ 200 നിയോജക മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് ഭരണമുള്ള രാജസ്ഥാനില്‍ 200 സീറ്റുകളാണുള്ളത്. തെലങ്കാന-119, ഛത്തീസ്ഗഡ്-90, മിസോറാം-40 എന്നിങ്ങനെയാണ് നിയമസഭ സീറ്റുകളുടെ എണ്ണം. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുമായും എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് തീയതി പ്രഖ്യാപിച്ചതെന്ന് രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

1. ഛത്തീസ്ഗഡ്
(രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും)
വോട്ടെടുപ്പ് -നവംബര്‍-7, നവംബര്‍-17
വോട്ടെണ്ണല്‍ -ഡിസംബര്‍-3

2. മിസോറാം
വോട്ടെടുപ്പ്-നവംബര്‍-7
വോട്ടെണ്ണല്‍-ഡിസംബര്‍-3

3. മധ്യപ്രദേശ്
വോട്ടെടുപ്പ്-നവംബര്‍-17
വോട്ടെണ്ണല്‍-ഡിസംബര്‍-3

4. തെലങ്കാന
വോട്ടെടുപ്പ്-നവംബര്‍-30
വോട്ടെണ്ണല്‍-ഡിസംബര്‍-3

5. രാജസ്ഥാന്‍
വേട്ടെടുപ്പ്-നവംബര്‍-23
വോട്ടെണ്ണല്‍-ഡിസംബര്‍-3