യെച്ചൂരിയുടെ വസതിയില്‍ പോലീസ് റെയ്ഡ്; മാധ്യമ സ്ഥാപനങ്ങളിലും പരിശോധന

Share

ഡല്‍ഹി: സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡല്‍ഹിയിലെ വസതിയില്‍ പോലീസ് റെയ്ഡ്. താമസത്തിനായി യച്ച്യൂരിക്ക് സര്‍ക്കാര്‍ നല്‍കിയ വസതിയിലാണ് പോലീസ് പരിശോധന നടത്തിയത്. ന്യൂസ് ക്ലിക്ക് മാധ്യമ സ്ഥാപനത്തിന്റെ പ്രതിനിധി വസതിയില്‍ താമസിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന. ഇന്നു രാവിലെ ഡല്‍ഹിയിലെ നിരവധി മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. എഴുത്തുകാരായ ഗീത ഹരിഹരന്‍, സൊഹൈല്‍ ഹാഷ്മി എന്നിവര്‍ അടക്കം 15-ഓളം മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലാണ് പോലീസ് പരിശോധന നടന്നത്. റെയിഡിനെ തുടര്‍ന്ന് തങ്ങളുടെ മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പോലീസ് പിടിച്ചെടുത്തതായി മാധ്യമ പ്രവര്‍ത്തകര്‍ ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. എന്നാല്‍ റെയ്ഡിന്റെ കാരണമെന്താണെന്ന് പോലീസ് അറിയിച്ചിട്ടില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു.

ചൈനയില്‍ നിന്ന് ഫണ്ട് ലഭിക്കുന്നതായുള്ള ആരോപണം നേരിടുന്ന മാധ്യമ സ്ഥാപനമാണ് ന്യൂസ് ക്ലിക്ക്. ഇക്കാരണത്താല്‍  ന്യൂസ് ക്ലിക്കിനെതിരേ മുമ്പ് പോലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ന്യൂസ് ക്ലിക്കുമായി ബന്ധമുള്ളവരുടെ വീടുകളിലാണ് പരിശോധനയെന്നാണ് പോലീസിന്റെ വിശദീകരണം. അനധികൃതമായി ലഭിക്കുന്ന ഫണ്ടുപയോഗിച്ച് ന്യൂസ് ക്ലിക്ക് ചൈനയെ പ്രകീര്‍ത്തിക്കുന്ന ലേഖനങ്ങള്‍ എഴുതുന്നുവെന്നും അതുവഴി സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും പോലീസ് ആരോപിക്കുന്നു.